മകനൊപ്പം സഞ്ചരിക്കവെ ബൈക്ക് മറിഞ്ഞു; തെറിച്ച് വീണത് കെഎസ്ആർടിസി ബസിന് അടിയിൽ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd September 2021 12:10 PM  |  

Last Updated: 23rd September 2021 12:10 PM  |   A+A-   |  

accident in kollam

പ്രതീകാത്മക ചിത്രം

 

കൊല്ലം: കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകീട്ട് കൊല്ലം ശൂരനാട്ടാണ് അപകടമുണ്ടായത്. മേരിക്കുട്ടി എന്ന വീട്ടമ്മയാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ഇവരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

വെൺമണിയിലുള്ള കുടുംബ വീട്ടിലേക്ക് മകൻ സിബിനൊപ്പം ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോഴാണ് ശൂരനാട്ടുവെച്ച് അപകടമുണ്ടായത്. ബൈക്ക് റോഡിൽ നിന്ന് തെന്നി മാറി മറിയുകയായിരുന്നു. തുടർന്ന് മേരിക്കുട്ടി റോഡിലേക്ക് തെറിച്ചു വീണു. പിന്നാലെ വന്ന ബസ് ഇവരുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയും മരണം സംഭവിക്കുകയുമായിരുന്നു.

ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു എന്ന തരത്തിലാണ് ആദ്യം വാർത്തകൾ പുറത്ത് വന്നത്. ഇതേത്തുടർന്ന് പൊലീസ് ബസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവർക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. 

എന്നാൽ സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നതോടെയാണ് അപകടം സംബന്ധിച്ച് കാര്യങ്ങൾ വ്യക്തമായത്. ഫോൻസിക് വിദഗ്ധരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.