രണ്ട് ബാച്ചാക്കും, സ്കൂളിൽ പഠിപ്പിക്കുന്നത് വീട്ടിലിരിക്കുന്ന കുട്ടികൾക്ക് ഓൺലൈനായി കാണാം; ക്ലാസിൽ വരാൻ നിർബന്ധിക്കില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2021 08:55 AM  |  

Last Updated: 24th September 2021 08:55 AM  |   A+A-   |  

school_reopening_in_KERALA

എക്സ്പ്രസ് ഫോട്ടോ

 

തിരുവനന്തപുരം; നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി വിവിധ വകുപ്പുകളും സംഘടനകളുമായി ചേർന്ന് ചർച്ച നടത്തി മാർ​ഗരേഖ തയാറാക്കാൻ തീരുമാനം. തുടക്കത്തിൽ ഉച്ചവരെ ക്ലാസ് മതിയെന്നാണ് നിർദേശം. പകുതി വിദ്യാർഥികൾ വീതമുള്ള ഓരോ ബാച്ചിനും ആഴ്ചയിൽ 3 ദിവസം വീതം ക്ലാസ് നടത്താമെന്നും അഭിപ്രായം ഉയർന്നു. ഇതു നടപ്പാക്കിയാൽ അധ്യാപകർ 6 ദിവസം ക്ലാസ് എടുക്കണം. 

ഒരു ബെഞ്ചിൽ ഒന്നോ രണ്ടോ വിദ്യാർഥികൾ മതിയെന്നാണു മറ്റൊരു നിർദേശം.ഉച്ചഭക്ഷണമടക്കം സ്കൂളുകളിൽ ഭക്ഷണം കഴിക്കുന്ന അന്തരീക്ഷം ഒഴിവാക്കും.  ഒരു ബാച്ചിനു ക്ലാസ് എടുക്കുമ്പോൾ വീട്ടിലിരിക്കുന്ന രണ്ടാമത്തെ ബാച്ചിന് ഓൺലൈനായി അതു കാണാനുള്ള സൗകര്യം ഒരുക്കുന്നതും പരിഗണനയിലുണ്ട്. അവർക്കു പിന്നീട് നേരിട്ടെത്തി സംശയനിവാരണം നടത്താം. ഇതു നടപ്പാക്കിയാൽ ക്ലാസ് ആവർത്തിക്കുന്നത് ഒഴിവാക്കാം. കുട്ടികളെ നിർബന്ധിച്ച് സ്കൂളുകളിൽ എത്തിക്കില്ല. രക്ഷിതാക്കളുടെ അനുമതി ഉള്ളവരെ മാത്രമേ സ്കൂളിൽ പ്രവേശിപ്പിക്കുകയൊള്ളൂ. കൂടാതെ കുട്ടികളുടെ വീട്ടിലെ എല്ലാവർക്കും അതിവേ​ഗം രണ്ടു ഡോസ് വാക്സിനും നൽകും. 

പൊതുവിദ്യാഭ്യാസ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിമാരും പൊതു വിദ്യാഭ്യാസ ഡയറക്ടറും അടങ്ങുന്ന സമിതിയാകും വിശദ പഠനത്തിനു ശേഷം റിപ്പോർട്ടും അതിന്റെ അടിസ്ഥാനത്തിൽ മാർഗരേഖയും തയാറാക്കുക. റിപ്പോർട്ട് ലഭിച്ചശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ചാകും അന്തിമ തീരുമാനമെന്നു മന്ത്രി ശിവൻകുട്ടി അറിയിച്ചു. ഗതാഗതം, തദ്ദേശഭരണം, മരാമത്ത് തുടങ്ങിയ വകുപ്പുകളുമായി ചർച്ച നടത്തിയാകും മാർഗരേഖയ്ക്ക് അന്തിമ രൂപം നൽകുക. സ്കൂൾ മാനേജ്മെന്റുകൾ, രാഷ്ട്രീയ, അധ്യാപക, വിദ്യാർഥി സംഘടനകൾ എന്നിവയുമായും ചർച്ചയുണ്ടാകും. രക്ഷിതാക്കൾക്ക് ആശങ്കയില്ലാത്ത വിധത്തിലാകും ക്രമീകരണമെന്നു മന്ത്രിമാരായ വി.ശിവൻകുട്ടിയും വീണാ ജോർജും അറിയിച്ചു.