500 ഏക്കർ കാപ്പിത്തോട്ടം നൽകാമെന്ന് വിശ്വസിപ്പിച്ചു; മധ്യപ്രദേശ് സർക്കാരിന്റെ പേരിലും മോൻസൻ കോടികൾ തട്ടി; വീണ്ടും അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th September 2021 09:53 AM  |  

Last Updated: 28th September 2021 09:53 AM  |   A+A-   |  

Monson

മോൻസൻ മാവുങ്കൽ/ ഫയൽ

 

കൊച്ചി: മധ്യപ്രദേശ് സർക്കാരിന്റെ കീഴിൽ വയനാട്ടിലുള്ള 500 ഏക്കർ കാപ്പിത്തോട്ടം ലീസിന് വാങ്ങിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ചും മോൻസൻ വൻ തട്ടിപ്പ് നടത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ഈ കേസിലും ഇയാളെ അറസ്റ്റ് ചെയ്തു. കാക്കനാടുള്ള ജയിലിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് രേഖപ്പെടുത്തിയത്. 

പത്തനംതിട്ട സ്വദേശി രാജീവിൽ നിന്ന്‌ 1.62 കോടി രൂപ തട്ടിയെടുത്തതായുള്ള പരാതിയിലാണ് അറസ്റ്റ്. വയനാട്ടിൽ മധ്യപ്രദേശ് സർക്കാരിന് 500 ഏക്കർ കാപ്പിത്തോട്ടം ഉണ്ട്. ഒരു മധ്യപ്രദേശ് വനിതയുടേതായിരുന്ന ഈ സ്ഥലം അവർ മരണപ്പെട്ടപ്പോൾ അവകാശികൾ ഇല്ലാത്തതിനാൽ മധ്യപ്രദേശ് സർക്കാരിൽ വന്നു ചേർന്നതാണ്. ഈ സ്ഥലം ലീസിന് വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞാണ് രാജീവിൽ നിന്ന്‌ മോൻസൻ 1.62 കോടി രൂപ തട്ടിയതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

പന്തളം ശ്രീവത്സം ഗ്രൂപ്പ് ഉടമയും മോൻസനെതിരെ പരാതിയുമായി എത്തി. 6.27 കോടി രൂപയുടെ തട്ടിപ്പിനിരയായി എന്നാണ് ഇവരുടെ പരാതി. ബാങ്കിൽ പണം എത്തിയതിന്റെ രേഖകൾ കാണിച്ചാണ് തുക തട്ടിച്ചത്. യുഎഇ രാജ കുടുംബത്തിന്‌ പുരാവസ്തു വിറ്റ വകയിൽ എത്തിയ പണമാണെന്നാണ് വിശ്വസിപ്പിച്ചത്. ഈ സംഭവത്തിലും പൊലീസ് കേസെടുത്തു.