ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കില്ല; സ്‌കൂളുകളില്‍ ജാഗ്രതാ സമിതികള്‍ ; ആദ്യ ദിവസങ്ങളില്‍ ഹാപ്പിനെസ്സ് ക്ലാസ്സ് ; അന്തിമ മാര്‍ഗരേഖ അഞ്ചിന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2021 01:39 PM  |  

Last Updated: 30th September 2021 02:20 PM  |   A+A-   |  

school students

ഫയല്‍ ചിത്രം

 

തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുമ്പോള്‍ ആദ്യ ഘട്ടത്തില്‍ ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കില്ല. തുടക്കത്തില്‍ നേരിട്ട് പഠനക്ലാസ്സുകളുണ്ടാകില്ല. ആദ്യദിവസങ്ങളില്‍ സമ്മര്‍ദ്ദം അകറ്റാനുള്ള ക്ലാസ്സുകളാണ് ഉണ്ടാകുക. ഹാപ്പിനെസ്സ് ക്ലാസ്സുകളിലൂടെ കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനകാലത്തെ സമ്മര്‍ദ്ദം ലഘൂകരിക്കുകയാണ് ലക്ഷ്യമിടുന്നത്. 

പ്രൈമറി ക്ലാസ്സുകാര്‍ക്ക് ബ്രിഡ്ജ് ക്ലാസ്സ് നടത്തും. സ്‌കൂള്‍ തലത്തില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. വിദ്യാഭ്യാസ ഗുണനിലവാര പദ്ധതിയുടെ ഭാഗമായി അധ്യാപക സംഘടനാ പ്രതിനിധികളുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട  എല്ലാ കാര്യങ്ങളുടെയും ജില്ലാതല ഏകോപനം ജില്ലാകലക്ടര്‍മാര്‍ക്കായിരിക്കും.

പ്രധാനഅധ്യാപകര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവരുടെ യോഗം കലക്ടര്‍മാര്‍ വിളിച്ചു ചേര്‍ക്കും.  എല്ലാ അധ്യാപകരും ജീവനക്കാരും വാക്സീന്‍സ്വീകരിക്കണമെന്നും ഇതിന്‍റെ ചുമതല അധ്യാപക, അനധ്യാപക സംഘടനകള്‍ ഏറ്റെടുക്കണമെന്നും യോഗം തീരുമാനിച്ചു. വിശദമായ മാര്‍ഗരേഖ ഒക്ടോബര്‍ അഞ്ചിന് പുറത്തിറക്കും. 
 
മറ്റ് അധ്യാപക സംഘടനകളുമായി മന്ത്രി ഉച്ചയ്ക്ക് രണ്ടരക്ക് ചര്‍ച്ച നടത്തും. വൈകീട്ട് നാലു മണിക്ക് യുവജന സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ വിദ്യാര്‍ത്ഥി സംഘടനാ യോഗവും ഉച്ചയ്ക്ക് സ്‌കൂള്‍ തൊഴിലാളി സംഘടനാ യോഗവും നടക്കും. 

ശനിയാഴ്ച്ച വൈകിട്ട് മേയര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗം ചേരും. ഞായറാഴ്ച എഇഒ, ഡിഇഒമാരുടെ യോഗവും സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.