ആരോഗ്യ സർവകലാശാല എംബിബിഎസ്: പരീക്ഷ എഴുതാത്തവർക്ക് ജൂനിയർ ബാച്ചിനൊപ്പം അവസരം, ഹൈക്കോടതി 

സെപ്റ്റംബർ 19നോ പരീക്ഷാ ബോർഡ് തീരുമാനിക്കുന്ന തിയതി പ്രകാരമോ അവസരം നൽകണമെന്നാണ് നിർദേശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ആരോഗ്യ സർവകലാശാലയുടെ അവസാനവർഷ എംബിബിഎസ് പരീക്ഷ എഴുതാനാകാത്ത വിദ്യാർഥികൾക്കു ജൂനിയർ ബാച്ചിനൊപ്പം പരീക്ഷയെഴുതാൻ അവസരം നൽകണമെന്നു ഹൈക്കോടതി. സെപ്റ്റംബർ 19നോ പരീക്ഷാ ബോർഡ് തീരുമാനിക്കുന്ന തിയതി പ്രകാരമോ അവസരം നൽകണമെന്നാണ് നിർദേശം. വിദ്യാർഥികൾ ആവശ്യപ്പെട്ടിരിക്കുന്ന പരിശീലനം നൽകണമെന്നും ഇതിനായി ജൂനിയർ ബാച്ചിൽ ചേരാനോ പ്രത്യേക ബാച്ച് രൂപീകരിക്കാനോ കോളജുകൾക്കു നിർദേശം നൽകണമെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ നിർദേശിച്ചു.

പാഠ്യപദ്ധതി പ്രകാരമുള്ള പരിശീലനം പൂർത്തിയാക്കാത്ത സാഹചര്യത്തിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അവസാന വർഷ എംബിബിഎസ് വിദ്യാർഥികൾ നൽകിയ ഹർജിയിലാണു ഹൈക്കോടതി ഉത്തരവ്. സെപ്റ്റംബർ 19നുള്ള പരീക്ഷ നേരത്തെയാക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതടക്കം പരിഗണിക്കാൻ പരീക്ഷാ ബോർഡ് യോഗം വിളിക്കണം. കോളജുകളുടെ അഭിപ്രായവും പരീക്ഷാ ബോർഡ് തേടണം. ഒരുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു. 

പരീക്ഷകൾ ഷെഡ്യൂൾ ചെയ്തതുപോലെ തുടരണമെന്നും കോടതി നിർ​ദേശിച്ചിട്ടുണ്ട്. പരീക്ഷയെഴുതാൻ തയാറായ വിദ്യാർഥികൾ ഭയമില്ലാതെ പരീക്ഷയെഴുതുന്നുവെന്നു സർവകലാശാലയും കോളജുകളും ഉറപ്പാക്കണമെന്നും വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്നതടക്കമുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നു കോടതി പറഞ്ഞു.

ഇന്നലെയും പരീക്ഷയ്ക്ക് 1900 പേർ മാത്രമാണ് ഹാജരായത്. 3600 വിദ്യാർഥികളാണ് ആകെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ക്ലാസുകളും പരിശീലനങ്ങളും അതിവേഗം തീർത്ത് പരീക്ഷ നടത്തുന്നതിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ പരീക്ഷയെഴുതാതെ മാറിനിൽക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com