'റിസര്‍ച്ച് സ്‌കോര്‍ കൂടിയതുകൊണ്ട് മാത്രം ഉദ്യോഗാര്‍ത്ഥി തെരഞ്ഞെടുക്കപ്പെടണമെന്നില്ല'; പ്രിയ വര്‍ഗീസിന്റെ നിയമനം: വിശദീകരണവുമായി സര്‍വകലാശാല

ഫാക്കല്‍റ്റി ഡെവലപ്മെന്റിനായി ചെലവഴിച്ചതും അക്കാദമിക തസ്തികകളില്‍ ഡെപ്യൂട്ടേഷനില്‍ ചെലവഴിച്ച കാലയളവും അധ്യാപന പരിചയമായി കണക്കാക്കാം
പ്രിയ വര്‍ഗീസ്
പ്രിയ വര്‍ഗീസ്

കണ്ണൂര്‍: പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ വിശദീകരണവുമായി കണ്ണൂര്‍ സര്‍വകലാശാല. ഫാക്കല്‍റ്റി ഡെവലപ്മെന്റിനായി ചെലവഴിച്ചതും അക്കാദമിക തസ്തികകളില്‍ ഡെപ്യൂട്ടേഷനില്‍ ചെലവഴിച്ച കാലയളവും അധ്യാപന പരിചയമായി കണക്കാക്കാം എന്നാണ് കണ്ണൂര്‍ സര്‍വകലാശാലയുടെ വിശദീകരണം. ഇത് സംബന്ധിച്ച് സ്റ്റാന്‍ഡിങ് കൗണ്‍സില്‍, അഡ്വക്കേറ്റ് ജനറല്‍ എന്നിവരില്‍ നിന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും സര്‍വകലാശാല വിശദീകരിക്കുന്നു. റിസര്‍ച്ച് സ്‌കോര്‍ കൂടിയതുകൊണ്ട് മാത്രം ഉദ്യോഗാര്‍ത്ഥി തെരഞ്ഞെടുക്കപ്പെടണമെന്നില്ല. പ്രിയ വര്‍ഗീസിനെക്കാള്‍ റിസര്‍ച്ച് സ്‌കോര്‍ കൂടിയ ആള്‍ തഴയപ്പെട്ടു എന്ന വാദത്തില്‍ കഴമ്പില്ലെന്നും സര്‍വകലാശാല വിശദീകരണ കുറിപ്പില്‍ പറയുന്നു.

അധ്യാപന പരിചയവും റിസര്‍ച്ച് സ്‌കോറും കുറവായിരുന്നിട്ടും അഭിമുഖത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കിയാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷിന്റെ ഭാര്യകൂടിയായ പ്രിയക്ക് ഒന്നാം റാങ്ക് കിട്ടിയത് എന്ന നിര്‍ണായക രേഖ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 

ഉദ്യോഗാര്‍ത്ഥികളില്‍ റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ് പ്രിയ വര്‍ഗീസിനാണ്. എന്നാല്‍ അഭിമുഖത്തില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ആണ് പ്രിയക്ക് ഒന്നാം റാങ്ക് ലഭിക്കാന്‍ കാരണമെന്ന് രേഖയില്‍ വ്യക്തമാകുന്നു.

പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്‌കോര്‍ 156 ആണ്. രണ്ടാം റാങ്ക് ലഭിച്ച ചങ്ങനാശ്ശേരി എസ്ബി കോളജിലെ അധ്യാപകനായ ജോസഫ് സ്‌കറിയയുടെ റിസര്‍ച്ച് സ്‌കോര്‍ 651 ആണ്. മൂന്നാം റാങ്കുള്ള സി ഗണേഷിന് 645 ആണ് റിസര്‍ച്ച് സ്‌കോര്‍.

അതേസമയം അഭിമുഖ പരീക്ഷയില്‍ പ്രിയക്ക് 50 ല്‍ 32 മാര്‍ക്കാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള ജോസഫ് സ്‌കറിയയ്ക്ക് 30 ഉം, സി ഗണേശിന് 28 ഉം മാര്‍ക്കുകളാണുള്ളത്. പ്രകാശന്‍ പിപിക്ക് 26, മുഹമ്മദ് റാഫിക്ക് 22, റെജികുമാറിന് 21 എന്നിങ്ങനെയാണ് അഭിമുഖത്തില്‍ മറ്റു ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com