ഡിവൈഎഫ്‌ഐയുടെ ആദ്യ പ്രസിഡന്റ്, അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം; കോടിയേരിയുടെ പകരക്കാരന്‍ കണ്ണൂരിലെ 'കരുത്തന്‍'

സിപിഎമ്മിന്റെ കണ്ണൂരിലെ കരുത്തനായ നേതാവാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായ എം വി ഗോവിന്ദന്‍
എം വി ഗോവിന്ദന്‍/ ഫെയ്‌സ്ബുക്ക്‌
എം വി ഗോവിന്ദന്‍/ ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: സിപിഎമ്മിന്റെ കണ്ണൂരിലെ കരുത്തനായ നേതാവാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായ എം വി ഗോവിന്ദന്‍. ബാലസംഘം പ്രവര്‍ത്തനങ്ങളിലൂടെ പൊതുരംഗത്തേയ്ക്കും രാഷ്ട്രീയ രംഗത്തേയ്ക്കും കടന്നുവന്ന എം വി ഗോവിന്ദന്‍, ഡിവൈഎഫ്‌ഐയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ്.  യുവജന സംഘടനയുടെ ആദ്യത്തെ കേരള സംസ്ഥാന പ്രസിഡന്റും പിന്നീട് സെക്രട്ടറിയുമായി. 1986 ലെ മോസ്‌കോ യുവജന സമ്മേളനത്തില്‍ പങ്കെടുത്തു.

1996 ല്‍ തളിപ്പറമ്പില്‍ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയെ പരാജയപ്പെടുത്തിയാണ് എം വി ഗോവിന്ദന്‍ നിയമസഭയിലെത്തുന്നത്. പിന്നീട് 2001 ല്‍ രണ്ടാം തവണയും തളിപ്പറമ്പില്‍ നിന്നു തന്നെ വിജയിച്ചു. കോണ്‍ഗ്രസിലെ കെ സുരേന്ദ്രനായിരുന്നു എതിരാളി. 2021-ലെ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് തന്നെ മൂന്നാം തവണയും വിജയിച്ചു.

1970 ല്‍ ആണ് സിപിഎമ്മില്‍ അംഗമാകുന്നത്. പിന്നീട് സിപിഎമ്മിന്റെ കാസര്‍കോട് ഏരിയ സെക്രട്ടറിയായിരുന്നു.1991 ല്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായും 2006 ല്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.  സി‌പി‌എം കേന്ദ്ര കമ്മിറ്റി അംഗവും ദേശാഭിമാനി ദിനപ്പത്രത്തിൻറെ മുൻ ചീഫ് എഡിറ്ററുമായിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് മാസങ്ങളോളം ജയില്‍വാസം അനുഷ്ഠിച്ചു. ഫിസിക്കല്‍ എജ്യുക്കേഷനില്‍ ഡിപ്ലോമ നേടി കായികാധ്യാപകനായി ജോലി ചെയ്തിരുന്നുവെങ്കിലും മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി ജോലി രാജിവെയ്ക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com