ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് ഇരിക്കേണ്ട, അതല്ല ഭാരത സംസ്‌കാരം: വെള്ളാപ്പള്ളി

കോടികളുടെ യുജിസി ഗ്രാന്റ് ലഭിക്കുന്ന ഉയര്‍ന്ന നാക് അക്രഡിറ്റേഷന്‍ ഇക്കുറി ഒരു ഹിന്ദു കോളജിനു പോലും ലഭിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി
വെള്ളാപ്പള്ളി നടേശന്‍/ഫയല്‍ ചിത്രം
വെള്ളാപ്പള്ളി നടേശന്‍/ഫയല്‍ ചിത്രം

കൊച്ചി: പകത്വയില്ലാത്ത പ്രായത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കേണ്ടതില്ലെന്നു അത് അപകടകരമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കേണ്ട കാര്യമില്ല, അതല്ല ഭാരത സംസ്‌ക്കാരമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

പഠന നിലവാരവും ഭൗതിക സാഹചര്യങ്ങളും അച്ചടക്കവും കുറഞ്ഞ ഹിന്ദുക്കളുടെ വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ നീക്കം വലിയ പ്രത്യാഘാതമുണ്ടാക്കും. ന്യൂനപക്ഷ സമുദായങ്ങളുടെ വിദ്യാലയങ്ങളിലെ സമ്പത്തിന്റെ പിന്തുണയോ അച്ചടക്കമോ പഠന സൗകര്യങ്ങളോ ഇവിടെയില്ല. കോടികളുടെ യുജിസി ഗ്രാന്റ് ലഭിക്കുന്ന ഉയര്‍ന്ന നാക് അക്രഡിറ്റേഷന്‍ ഇക്കുറി ഒരു ഹിന്ദു കോളജിനു പോലും ലഭിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. 

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കേണ്ടതില്ല. നമ്മുടേത് ഭാരതസംസ്‌കാരമാണ്. നമ്മളാരും അമേരിക്കയില്‍ അല്ല ജീവിക്കുന്നത്. സര്‍ക്കാരിന്റെ പല നിലപാടുകളിലും ഞങ്ങള്‍ക്കു വിഷമമുണ്ട്.  സര്‍ക്കാല്‍ മതാധിപത്യത്തിന് അടിമപ്പെടുകയാണ്. പറയുന്ന നിലപാടില്‍ നിന്നും പലതും മാറി പോകുന്ന അവസ്ഥയുണ്ട്. ഒരു പത്രപ്രവര്‍ത്തകനെ ഒരു ഐഎഎസുകാരന്‍ വണ്ടിയിടിച്ച് കൊന്നു, എന്നിട്ട് അയാളെ ആലപ്പുഴ കലക്ടറാക്കിവച്ചു. അതില്‍ പ്രതിഷേധിച്ച് ഒരു സമുദായം പതിനാല് ജില്ലയിലും പ്രതിഷേധം നടത്തിയപ്പോള്‍ അയാളെ ആ സ്ഥാനത്ത് നിന്നും അപ്പോള്‍ തന്നെ മാറ്റി. ഇത്തരം സംഭവങ്ങള്‍ നല്ല സന്ദേശമല്ല നല്‍കുന്നത്. ഏതെങ്കിലും ഒരു മതവിഭാഗത്തിന് അടിപ്പെട്ട് സര്‍ക്കാര്‍ നില്‍ക്കരുത്.  

വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണം എന്ന ആവശ്യം അഭികാമ്യമല്ല. ആളെ കൂട്ടാന്‍ കഴിയും എന്നു കരുതി എന്തുമാകാം എന്ന രീതി അനുവദിക്കാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദനെ തെരഞ്ഞെടുത്തതിനെ വെള്ളാപ്പള്ളി നടേശന്‍ അനുമോദിച്ചു. ഗോവിന്ദന്‍ മാസ്റ്റര്‍ അറിവുള്ള തത്ത്വാചാര്യനാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com