'ആടും ജീവിതവും നേരത്തേയുള്ളതാണെങ്കിലും ആടുജീവിതം ബെന്യാമിന്റെ പേരിലായതുപോലെതന്നെ ഇതും'

'ഹിഗ്വിറ്റയുടെ കര്‍ത്താവാര്' എന്ന ചോദ്യത്തിന് മലയാളി നല്‍കുന്ന ഉത്തരം എന്‍. എസ്. മാധവന്‍ എന്നുതന്നെയാവും
എന്‍എസ് മാധവന്‍, ഹിഗ്വിറ്റ പോസ്റ്റര്‍/ട്വിറ്റര്‍
എന്‍എസ് മാധവന്‍, ഹിഗ്വിറ്റ പോസ്റ്റര്‍/ട്വിറ്റര്‍

ഹിഗ്വിറ്റ എന്ന പേരില്‍ സിനിമ വരുന്നതില്‍ ദുഃഖം പ്രകടിപ്പിച്ച, അതേ പേരില്‍ കഥയെഴുതിയ എന്‍എസ് മാധവനു പിന്തുണയുമായി എഴുത്തുകാരന്‍ മനോജ് കുറൂര്‍. ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്കു തലക്കെട്ടാക്കുന്നതില്‍ എന്‍എസ് മാധവന്‍ പ്രകടിപ്പിച്ച ആശങ്ക ന്യായമാണെന്ന് മനോജ് കുറൂര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

കുറിപ്പ്: 

ഹിഗ്വിറ്റ എന്ന പേര് ഒരു സിനിമയ്ക്കു തലക്കെട്ടാക്കുന്നതിനെപ്പറ്റിയുള്ള എന്‍ എസ് മാധവന്റെ ആശങ്ക ന്യായമാണ്. തീര്‍ച്ചയായും ഹിഗ്വിറ്റ ഒരു കൊളംബിയന്‍ ഫുട്‌ബോളറുടെ പേരാണ്. പക്ഷേ മലയാളത്തിലുണ്ടായ ഹിഗ്വിറ്റ എന്ന കഥയില്‍ സവിശേഷമായ ഒരു കേളീശൈലിയുടെ പ്രതീകമാണ് ഹിഗ്വിറ്റ. അതില്‍ ആ കൊളംബിയന്‍ ഗോളിയുടെ ചില സവിശേഷതകള്‍ കഥാസന്ദര്‍ഭത്തിനനുസരിച്ച് വ്യാഖ്യാനവിധേയമാകുന്നു. അതായത് ഫുട്‌ബോളിന്റെ സന്ദര്‍ഭത്തില്‍ ഹിഗ്വിറ്റ കൊളംബിയന്‍ ഫുട്‌ബോളറും കഥാസന്ദര്‍ഭത്തില്‍ ഒരു പ്രതീകവുമാകുന്നു.
സൂക്ഷ്മമായി ആലോചിച്ചാല്‍ ഭാഷയിലെ ഒരു വാക്കിനും ഏതെങ്കിലും വ്യക്തികള്‍ക്കു ബൗദ്ധികാവകാശമില്ല. നേരത്തേതന്നെയുള്ള വാക്കുകളോ അവയുടെ ചേര്‍പ്പുകളോ ആകുമല്ലോ മൊഴിക്കൂട്ടുകളും വാക്യങ്ങളുമെല്ലാം. അങ്ങനെ നോക്കിയാല്‍ എല്ലാ തലക്കെട്ടുകളും, കഥകള്‍ പോലും, ഓരോ അപൂര്‍വ്വപ്രകടനവാഗ്വിധാനങ്ങള്‍ (ഈ വാക്ക് റൊളാങ് ബാര്‍ത്തിന്റെ Death of the Author ന് ഡോ. കെ എം കൃഷ്ണന്‍ ചെയ്ത വിവര്‍ത്തനത്തില്‍നിന്ന്) മാത്രം. എന്നാല്‍ ഒരു സാഹിത്യകൃതിയുടെയോ കലാസൃഷ്ടിയുടെയോ തലക്കെട്ടായി വാക്കുകള്‍ തെരഞ്ഞെടുക്കുന്നതിനെ ഒരു സവിശേഷകര്‍മ്മമായി പരിഗണിച്ചാല്‍ തീര്‍ച്ചയായും ഒരു മലയാളകഥയുടെ തലക്കെട്ടാണത് എന്നു സമ്മതിക്കേണ്ടി വരും. അതായത് 'ഹിഗ്വിറ്റയുടെ കര്‍ത്താവാര്' എന്ന ചോദ്യത്തിന് മലയാളി നല്‍കുന്ന ഉത്തരം എന്‍. എസ്. മാധവന്‍ എന്നുതന്നെയാവും. 
ഒരേ പേരില്‍ ധാരാളം കവിതകളും കഥകളും ഒക്കെയുണ്ടാവാറുണ്ട്. പക്ഷേ സന്ദര്‍ഭംകൊണ്ട് അവയുടെ വ്യത്യസ്തമായ കര്‍ത്തൃത്വം സ്ഥാപിക്കപ്പെടുന്നുണ്ട്. വ്യത്യസ്ത സാഹിത്യ കൃതികളിലെ സന്ദര്‍ഭങ്ങള്‍ തമ്മിലും സാദൃശ്യങ്ങള്‍ സംഭവിക്കാറുണ്ട്. എന്നാല്‍ സാഹിത്യസൃഷ്ടികളെ ആധാരമാക്കിയുള്ള അനുകല്പനം (adaptation) എന്ന തരത്തിലുള്ള സിനിമകള്‍ സാധാരണമായ സ്ഥിതിക്ക് ഹിഗ്വിറ്റ എന്ന തലക്കെട്ടു കണ്ടാല്‍ എന്‍ എസ് മാധവന്റെ കഥയെ അടിസ്ഥാനമാക്കിയുള്ള സിനിമയാണത് എന്നേ മലയാളികള്‍ കരുതൂ. രണ്ടാമൂഴം എന്ന പ്രയോഗം എംടിയുടെയും ആടും ജീവിതവും നേരത്തേയുള്ളതാണെങ്കിലും ആടുജീവിതം ബെന്യാമിന്റെയും പേരിലായതുപോലെതന്നെ ഇതും. ആ പേരുകളില്‍ സിനിമകള്‍ വരുമ്പോള്‍ ആ പ്രശസ്തരചനകളുടെ അനുകല്പനമാണവ എന്നേ മനസ്സിലാകൂ. അതു ഹിഗ്വിറ്റയ്ക്കും ബാധകമാണ്. പറഞ്ഞുവന്നത് എന്‍ എസ് മാധവന്റെ ആശങ്ക അസ്ഥാനത്തല്ല എന്നുതന്നെയാണ്. അതിന് എത്രത്തോളം ഗൗരവം കൊടുക്കണമെന്ന് അദ്ദേഹംതന്നെ തീരുമാനിക്കട്ടെ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com