പട്ടി പിടുത്തക്കാര്‍ മുതല്‍ വിസിമാര്‍ വരെ കത്തുമായി ജോലി നേടുന്നു: പിസി വിഷ്ണുനാഥ്; സംഘടിതമായ വ്യാജ പ്രചാരണമെന്ന് മന്ത്രി

താല്‍ക്കാലിക നിയമനങ്ങള്‍ ഉള്‍പ്പെടെ എല്ലാം ഓഡിറ്റ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു
എംബി രാജേഷും വി സി വിഷ്ണുനാഥും നിയമസഭയില്‍/ സഭ ടിവി
എംബി രാജേഷും വി സി വിഷ്ണുനാഥും നിയമസഭയില്‍/ സഭ ടിവി

തിരുവനന്തപുരം: പിന്‍വാതില്‍ നിയമനങ്ങളെന്ന പേരില്‍ നടക്കുന്നത് സംഘടിതമായ വ്യാജ പ്രചാരണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. തിരുവനന്തപുരം മേയറുടേതെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ കത്താണ്. അതില്‍ മേയര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. 

ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും പുകമറ സൃഷ്ടിക്കാനും സംഘടിതമായ ശ്രമം കഴിഞ്ഞ കുറേക്കാലമായി നടന്നു വരികയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ ആരംഭിച്ചതാണ് ഈ പരിശ്രമങ്ങളെന്ന് മന്ത്രി കുറ്റപ്പെടുത്തി. അതിശയോക്തിയും അതിവൈകാരികതയും ചേര്‍ത്ത് അവതരിപ്പിക്കുന്നു. ഉദ്യോഗാര്‍ത്ഥികളോട് അനീതി ചെയ്‌തെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ഇത് ജനം മുഖവിലക്കെടുക്കില്ലെന്ന് മന്ത്രി പറഞ്ഞു. 

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 1.61 ലക്ഷം നിയമനങ്ങള്‍ നടന്നുവെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഒന്നാം പിണറായി സര്‍ക്കാര്‍ മുതല്‍ ഇതുവരെ എല്‍ഡിഎഫ് സര്‍ക്കാര്‍ ആറര വര്‍ഷം കൊണ്ട് 1.99 ലക്ഷം നിയമനങ്ങള്‍ നടത്തി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേക്കാള്‍ 18,000 കൂടുതലാണിത്. ബോര്‍ഡും കോര്‍പറേഷനും അടക്കം 55 സ്ഥാപനങളിലെ നിയമനം കൂടി പിഎസ് സിക്ക് വിട്ടുവെന്ന് മന്ത്രി പറഞ്ഞു.

താല്‍കാലിക നിയമങ്ങള്‍ക്കെല്ലാം കൃത്യമായ മാനദണ്ഡങ്ങളുണ്ട്. അതില്‍ സര്‍ക്കാര്‍ ഇടപെടാറില്ല. മൂന്ന് തവണയാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ വിളിച്ചത്. അതെങ്ങനെ പിന്‍വാതില്‍ നിയമനമാകും. നിയമനം വിവാദമായപ്പോഴാണ് തദ്ദേശ വകുപ്പ് ഇടപെട്ട് എംപ്ലോയ്‌മെന്റെ എക്‌സ്‌ചേഞ്ചിന് വിട്ടത്. അനധികൃത നിയമനം ഉണ്ടെങ്കില്‍ അത് അന്വേഷണത്തിലൂടെ പുറത്ത് കൊണ്ട് വരും. താല്‍ക്കാലിക നിയമനങ്ങള്‍ ഉള്‍പ്പെടെ എല്ലാം ഓഡിറ്റ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 

നെഹ്‌റു ഇന്ദിരയ്ക്ക് അയച്ച കത്തുകളേക്കാള്‍ വരും: മന്ത്രി രാജേഷ്

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നിയമനത്തിനായി എംഎല്‍എമാര്‍ എഴുതിയ കത്തുകളും മന്ത്രി എംബി രാജേഷ് സഭയില്‍ വായിച്ചു. പി സി വിഷ്ണുനാഥ് എഴുതിയ കത്തും ഇതിലുണ്ട്. ഇവ പുസ്തകമാക്കി പ്രസിദ്ധീകരിച്ചാന്‍ നെഹ്‌റു ഇന്ദിരയ്ക്ക് അയച്ച കത്തുകളേക്കാള്‍ വരുമെന്നും മന്ത്രി രാജേഷ് പറഞ്ഞു. 

'1,90,000 പിന്‍വാതില്‍ നിയമനം നടന്നു'

കോണ്‍ഗ്രസിലെ പി സി വിഷ്ണുനാഥ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 1,90,000 പിന്‍വാതില്‍ നിയമനം നടന്നുവെന്ന് പി സി വിഷ്ണുനാഥ് ആരോപിച്ചു. പിഎസ് സിയേയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനേയും നോക്കുകുത്തിയാക്കിയാണ് പിന്‍വാതില്‍ നിയമനം നടത്തുന്നത്. പട്ടി പിടുത്തക്കാര്‍ മുതല്‍ വിസിമാര്‍ വരെ കത്തുമായി ജോലി നേടുന്നുവെന്ന് പിസി വിഷ്ണുനാഥ് പറഞ്ഞു. 

'പ്രത്യേക റിക്രൂട്ടിങ് കമ്മിറ്റി ഉണ്ടാക്കി'

സിപിഎം ലോക്കല്‍ കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റി വരെ നിയമനം നടത്തുന്നു. പിന്‍വാതില്‍ നിയമനത്തിന് പ്രത്യേക റിക്രൂട്ടിങ് കമ്മിറ്റി ഉണ്ടാക്കി. 30 ലക്ഷത്തോലം പേരാണ് തൊഴില്‍ കാത്തു നില്‍ക്കുന്നത്. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അനധികൃത നിയമനങ്ങള്‍ നടക്കുന്നത് ഉദ്യോഗാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണ്. ഒഴിവ് അര്‍ധരാത്രി റിപ്പോര്‍ട്ട് ചെയ്ത് ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടമാക്കിയെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി. 

അനധികൃത നിയമനം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മേയറുടെ കത്ത് വ്യാജമാണെന്ന് മന്ത്രി എങ്ങനെ പറയുന്നുവെന്ന് പി സി വിഷ്ണുനാഥ് ചോദിച്ചു. വ്യാജ കത്താണെന്ന് ആരോപണവിധേയയായ മേയര്‍ പോലും പറഞ്ഞിട്ടില്ല. പിന്നെങ്ങനെ മന്ത്രി വ്യാജ കത്തെന്ന് പറയുമെന്ന് വിഷ്ണുനാഥും ചോദിച്ചു. എഴുതിയ ആള്‍ എഴുതിയിട്ടുണ്ടെന്ന് സമ്മതിച്ച കത്ത് വേറെയുമുണ്ടെന്നും ഡിആര്‍ അനിലിന്റെ കത്ത് സൂചിപ്പിച്ച് വിഷ്ണുനാഥ് പറഞ്ഞു.

'സമാന്തര റിക്രൂട്ട്മെന്റ് സംഘം പ്രവർത്തിക്കുന്നു'

നിയമനങ്ങളിൽ മന്ത്രി എംബി രാജേഷ് സഭയെ അറിയിച്ച കണക്ക് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.  നിയമനങ്ങൾക്കായി ഒരു സമാന്തര റിക്രൂട്ട്മെന്റ് സംഘം പ്രവർത്തിക്കുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ, പിൻവാതിൽ നിയമനങ്ങളെ കുറിച്ച് വ്യക്തത നൽകുന്ന കത്ത് മാധ്യമങ്ങളോ പ്രതിപക്ഷമോ അല്ല പുറത്ത് വിട്ടത്. സിപിഎം പാർട്ടിക്കുള്ളിൽ അധികാര തർക്കവും വീതംവയ്പ്പും വന്നപ്പോഴാണ് പാർട്ടി ഗ്രൂപ്പുകളിലൂടെ കത്ത് പുറത്ത് വന്നത്.

ക്രൈംബ്രാഞ്ചും വിജിലൻസും അന്വേഷിക്കുന്നതിനിടെ മേയർ കത്ത് എഴുതിയില്ലെന്ന് സഭയിൽ മന്ത്രി പറഞ്ഞത് എന്ത് അധികാരികതയുടെ അടിസ്ഥാനത്തിലാണ് എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.  പ്രധാനപ്പെട്ട നേതാക്കളുടെ ഭാര്യമാർക്ക് നിയമനം കിട്ടിയത് എല്ലാവർക്കും അറിയാം. ഞങ്ങൾ പേരെടുത്ത് പറയുന്നില്ലെന്നും സതീശൻ വ്യക്തമാക്കി. മന്ത്രി എം ബി രാജേഷിന്റെ മറുപടിക്ക് പിന്നാലെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ പ്രതിഷേധിച്ച് ബഹളം വെച്ചു.

ഈ റിപ്പോർട്ട് കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com