'അന്ധമായി വിശ്വസിക്കും; ഞാന്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ പിണറായി കുഴപ്പത്തില്‍ ചെന്നു ചാടില്ലായിരുന്നു'

സംസ്ഥാനത്തെ മികച്ച രീതിയില്‍ മാറ്റിയെടുക്കണമെന്ന വീക്ഷണമുള്ള ഭരണാധികാരിയാണ് പിണറായി വിജയന്‍
ജേക്കബ് തോമസ്/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌
ജേക്കബ് തോമസ്/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌

കൊച്ചി; കേരളത്തിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടറും റിട്ടയേഡ് ഐപിഎസ് ഓഫീസറുമായ ജേക്കബ് തോമസ്. അദ്ദേഹത്തെപ്പോലെ കരുത്തനായ നേതാവിനെയാണ് കേരളത്തിനു വേണ്ടത്. തന്നോട് അടുപ്പമുള്ളവരെയെല്ലാം അന്ധമായി വിശ്വസിക്കുന്ന പ്രകൃതക്കാരനാണ് പിണറായി വിജയനെന്നും ജേക്കബ് തോമസ് പറഞ്ഞു. ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ 'എക്സ്പ്രസ് ഡയലോഗി'ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമാശ പറയുകയും സൗഹൃത്തോടെ ഇടപെടുകയും ചെയ്യുന്ന വ്യക്തിയാണ് പിണറായി വിജയന്‍. വളരെ സഹിഷ്ണുതയുള്ളയാളും, തീരുമാനമെടുക്കാന്‍ കഴിവുള്ളയാളുമാണ് പിണറായി. തന്റെ നേരിട്ടുള്ള അനുഭവത്തില്‍ നിന്നാണ് ഇക്കാര്യം പറയുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു. മുഖ്യമന്ത്രിയും താനും തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

മികച്ച വീക്ഷണമുള്ള ഭരണാധികാരി 

സംസ്ഥാനത്തെ മികച്ച രീതിയില്‍ മാറ്റിയെടുക്കണമെന്ന വീക്ഷണമുള്ള ഭരണാധികാരിയാണ് പിണറായി വിജയന്‍. സംസ്ഥാനത്തെ അഴിമതിയുടെ വേരറുക്കണമെന്നും, സെക്രട്ടേറിയറ്റ് സിസ്റ്റം കൂടുതല്‍ ജനോപകാരപ്രദമായ രീതിയില്‍ നവീകരിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. ഇതിനായി തന്റെ പിന്തുണ തേടി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഴിമതിക്കെതിരെ നിലകൊണ്ടതിന് നടപടി നേരിട്ടയാളാണ് താന്‍. തന്റെ നിലപാട് കണ്ടിട്ടാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കകാലത്ത് തന്നെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതെന്ന് ജേക്കബ് തോമസ് പറഞ്ഞു. 

എന്നാല്‍ അതൊരു വലിയ തെറ്റായിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് സംസ്ഥാന പൊലീസിലെ റാങ്കിങ്ങില്‍ രണ്ടാമനാണ് താന്‍. ഒന്നാമത് ടിപി സെന്‍കുമാര്‍. മൂന്നാമത് ലോക് നാഥ് ബെഹ്‌റ. സെന്‍കുമാറിന് ശേഷം തന്നെയാണ് ക്രമസമാധാനച്ചുമതലയുള്ള ഡിജിപിയായി നിയമിക്കേണ്ടത്. എന്നാല്‍ ബെഹ്‌റയെയാണ് നിയമിച്ചത്. അതിനാലാണ് തന്നെ വിജിലന്‍സ് ഡയറക്ടറാക്കിയത്. 

'ലോക്‌നാഥ് ബെഹ്‌റ... ലോക്‌നാഥ് ബെഹ്‌റയാണ്'

ലോക്‌നാഥ് ബെഹ്‌റയ്ക്ക് പ്രത്യേക പരിഗണന ലഭിക്കാന്‍ കാരണമെന്തെന്ന  ചോദ്യത്തിന്, 'ലോക്‌നാഥ് ബെഹ്‌റ... ലോക്‌നാഥ് ബെഹ്‌റയാണ്' എന്നതാണ് എന്നായിരുന്നു മറുപടി. ഡിജിപി പദവിയില്‍ നിന്നും വിരമിച്ച ശേഷവും വളരെ ഉയര്‍ന്ന ഒരു പദവി ബെഹ്‌റയ്ക്ക് ലഭിച്ചില്ലേ. ജേക്കബ് തോമസിന് കിട്ടിയോ?, ഋഷിരാജ് സിങ്ങിന് കിട്ടിയോ?. പക്ഷെ ബെഹ്‌റയ്ക്ക് കിട്ടി. അതാണ് ബെഹ്‌റയെന്ന് ജേക്കബ് തോമസ് പറഞ്ഞു. 

വിജിലന്‍സ് ഡയറക്ടറായിരിക്കെ പിണറായി വിജയനുമായി വളരെ അടുപ്പമാണ് ഉണ്ടായിരുന്നത്. ഇ പി ജയരാജന്റെ അനധികൃത നിയമനവുമായി ബന്ധപ്പെട്ട വിഷയമല്ല തന്റെ പദവിയില്‍ നിന്നും നീക്കാന്‍ കാരണമായത്. ഇപി ജയരാജന്‍ കേസില്‍ റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ തീരുമാനമെടുക്കാന്‍ രണ്ടു ദിവസത്തെ സാവകാശം ചോദിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. വിജിലന്‍സ് തുടര്‍ന്നും അഴിമതിക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോയി. 

'ചിലര്‍ക്ക് താന്‍ തലവേദനയായി തോന്നി'

അഴിമതി ആരോപണങ്ങളില്‍ സിപിഎം നേതാക്കളും മുന്‍മന്ത്രിമാരുമായ ജെ മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. അഴിമതി ആരോപണങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തതോടെ, മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ക്ക് താന്‍ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ തുടരുന്നത് തലവേദനയായി തോന്നി. 

തന്നോട് കുറച്ചുകാലം അവധിയെടുക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. അതുപ്രകാരം അവധിയെടുത്തു. അവധിക്കാലത്ത് പുസ്തകമെഴുതാന്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രിയെ അറിയിച്ചു. അതു നല്ല ഐഡിയ ആണെന്ന് അദ്ദേഹം പറഞ്ഞു. അക്കാലത്ത് മികച്ച പിന്തുണയാണ് പിണറായി തനിക്ക് നല്‍കിയത്. പുസ്തകത്തിന്റെ പ്രകാശന തീയതിയും വേദിയും വരെ അദ്ദേഹത്തിന്റെ സൗകര്യം കൂടി പരിഗണിച്ചാണ് തീരുമാനിച്ചത്. 

'ഇഷ്ടമില്ലാത്തതുകൊണ്ടല്ല സസ്‌പെന്‍ഡ് ചെയ്തത്'

തന്നോട് ഇഷ്ടമില്ലാത്തതുകൊണ്ടല്ല തന്നെ സസ്‌പെന്‍ഡ് ചെയ്തത്. താന്‍ സര്‍വീസില്‍ തുടര്‍ന്നാല്‍ ബെഹ്‌റയ്ക്ക് അത് പ്രശ്‌നമാകും എന്നതാണ് പ്രധാന കാരണം. പൊലീസ് മേധാവി എന്ന നിലയില്‍ തന്നേക്കാള്‍ കൂടുതല്‍ ഉപകാരപ്പെടുക ബെഹ്‌റയാകുമെന്ന് പിണറായി വിജയന്‍ കരുതിക്കാണും. നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ഒരു കോക്കസും തനിക്കെതിരെ പ്രവര്‍ത്തിച്ചു. താന്‍ തന്ത്രപ്രധാന പദവിയില്‍ തുടരുന്നത് ബുദ്ധിമുട്ടാകുമെന്ന് അവര്‍ വിചാരിച്ചു. കരുക്കള്‍ നീക്കി. അതാണ് തന്റെ പുറത്താക്കലിന് കാരണമായതെന്ന് ജേക്കബ് തോമസ് പറഞ്ഞു. 

ഈ കോക്കസാണ് മുഖ്യമന്ത്രിയെ സ്വര്‍ണക്കടത്തു കേസ് വിവാദത്തിലേക്ക് വലിച്ചിഴച്ചത്. താന്‍ ആ പദവിയില്‍ ഉണ്ടായിരുന്നുവെങ്കില്‍ പിണറായി വിജയന്‍ ഈ കേസില്‍ പെടില്ലായിരുന്നു എന്നുറപ്പുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു. ഇപ്പോള്‍ അനധികത സ്വത്തു സമ്പാദനക്കേസില്‍ തനിക്കെതിരെ അന്വേ,ണം നടക്കുന്നുണ്ട്. അതു നടക്കട്ടെ, തനിക്ക് ഭയപ്പെടാനൊന്നുമില്ല. അതുകൊണ്ടാണ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാത്തതെന്നും ജേക്കബ് തോമസ് പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com