'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി'; ഗവര്‍ണര്‍ക്കെതിരെ കെ സുധാകരന്‍

വിജിലന്‍സിലനെയും മറ്റും പിണറായി സര്‍ക്കാര്‍ വന്ധീകരിച്ചപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന ഏക പ്രതീക്ഷയെയാണ് ഇപ്പോള്‍ ഇല്ലാതാക്കിയിരിക്കുന്നത്
കെ സുധാകരൻ
കെ സുധാകരൻ

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ച ഗവര്‍ണറുടെ നടപടിക്കെതിരെ  രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിഎന്ന പോലെ അഴിമതിവീരനായ മുഖ്യമന്ത്രിക്ക് കുടപിടിക്കുന്ന ഭരണത്തലവനായി ഗവര്‍ണര്‍ മാറിയത് കേരളത്തിന്റെ മഹാദുരന്തമാണെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു. 

സംസ്ഥാനത്ത് അഴിമതിക്കെതിരെ പോരാടാനുള്ള അവസാന കച്ചിത്തുരുമ്പായിരുന്നു ലോകായുക്ത. വിജിലന്‍സിലനെയും മറ്റും പിണറായി സര്‍ക്കാര്‍ വന്ധീകരിച്ചപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന ഏക പ്രതീക്ഷയെയാണ് ഇപ്പോള്‍ ഇല്ലാതാക്കിയിരിക്കുന്നത്. നിയമഭേദഗതിയിലൂടെ പ്രസക്തി നഷ്ടപ്പെട്ട ലോകായുക്തയെ പിരിച്ചുവിടുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. കടിക്കാന്‍പോയിട്ട് കുരയ്ക്കാന്‍ പോലും ശക്തിയില്ലാത്ത പുതിയ സംവിധാനത്തില്‍ തുടരണോയെന്ന് ആദരണീയരായ ജഡ്ജിമാര്‍ ചിന്തിക്കണം. പഠനം ചെയ്തും മനനം ചെയ്തും പുറപ്പെടുവിക്കുന്ന വിധികള്‍ ഭരണാധികാരികള്‍ ചവറ്റുകുട്ടയിലേക്കു വലിച്ചെറിയുന്ന പുതിയ സാഹചര്യമാണ് ഉരുത്തിരിയുന്നത്. ആത്മാഭിമാനത്തോടെ അവിടെ ജോലി ചെയ്യാന്‍ ഇനിയാര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല. നീര്‍ജ്ജീവവും ആത്മാവില്ലാത്തതുമായ ലോകായുക്തയെ കേരളത്തിന് ആവശ്യമില്ലെന്നും സുധാകരന്‍ പറഞ്ഞു.

കാഴ്ചക്കാരായി മാറിയ സിപിഐയുടെ അവസ്ഥയും പരിതാപകരമാണ്. ബിജെപി നേതാവിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ച് ആര്‍എസ്എസിന്റെ കാര്യാലയമായി രാജ്ഭവനെ മാറ്റാനാള്ള നീക്കം കേരളം ഞെട്ടലോടെയാണ് കാണുന്നതെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com