കല്യാണവീട്ടിലേക്ക് ബോംബുമായി വരുമെന്ന് കരുതിയില്ല; തുടര്‍ ആക്രമണങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയിലെന്ന് വരന്റെ മാതാപിതാക്കള്‍

വിവാഹാഘോഷത്തിനിടെ നടന്ന കൊലപാതകത്തിന്റെ പകയില്‍ നാട്ടില്‍ തുടര്‍ ആക്രമണങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയിലെന്ന് കണ്ണൂര്‍ തോട്ടടയിലെ വരന്റെ മാതാപിതാക്കള്‍
കണ്ണൂരില്‍ ബോംബേറില്‍ കൊല്ലപ്പെട്ട യുവാവ്; വിഡിയോ ദൃശ്യം
കണ്ണൂരില്‍ ബോംബേറില്‍ കൊല്ലപ്പെട്ട യുവാവ്; വിഡിയോ ദൃശ്യം

കണ്ണൂര്‍: വിവാഹാഘോഷത്തിനിടെ നടന്ന കൊലപാതകത്തിന്റെ പകയില്‍ നാട്ടില്‍ തുടര്‍ ആക്രമണങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയിലെന്ന് കണ്ണൂര്‍ തോട്ടടയിലെ വരന്റെ മാതാപിതാക്കള്‍. തലേന്ന് രാത്രിയിലെ പാട്ടും ഡാന്‍സും ഏച്ചൂര്‍ ,തോട്ടട സംഘങ്ങള്‍ തമ്മിലുള്ള കൂട്ടത്തല്ലില്‍ കലാശിച്ചു. ഈ ആഘോഷത്തില്‍ ഇല്ലാതിരുന്ന ജിഷ്ണു എന്ന ആളാണ് പിറ്റേന്നത്തെ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്ന് വരന്റെ മാതാപിതാക്കള്‍ പറയുന്നു.

കല്യാണവീട്ടിലേക്ക് ബോംബുമായി മകന്റെ സുഹൃത്തുക്കള്‍ വരുമെന്ന് കരുതിയില്ല. ഈ ദുരന്തത്തില്‍ നിന്നെങ്കിലും യുവാക്കള്‍ പാഠം പഠിക്കണെന്ന് മാതാപിതാക്കള്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. അതിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഏച്ചൂര്‍ സംഘം എത്തിയത് കൃത്യമായ ആസൂത്രണത്തോടെ എന്നാണ് പൊലീസ് കണ്ടെത്തല്‍.

ഏച്ചൂര്‍ സംഘം രാവിലെ മുതല്‍ മൂന്ന് ബോംബുകളാണ് കൈയില്‍ കരുതിയിരുന്നതെന്നും മൂന്നും തോട്ടട സംഘത്തിനു നേരെ എറിഞ്ഞതായും സ്ഥിരീകരിച്ചു. ഒരു ബോംബ് പൊട്ടിയില്ല. രണ്ടാമത്തെ ബോംബ് പൊട്ടി. മൂന്നാമത്തേതാണു ലക്ഷ്യം തെറ്റി ജിഷ്ണുവിന്റെ തലയില്‍ പതിച്ചത്. പൊട്ടാത്ത ബോംബ് സംഭവ സ്ഥലത്തു നിന്നു പൊലീസ് കണ്ടെടുത്തിരുന്നു. അതിനിടെ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. അറസ്റ്റിലായ മിഥുന്‍ ഉള്‍പ്പെടെ രണ്ട് പേരെ ഇന്ന് തലശേരി കോടതിയില്‍ ഹാജരാക്കും.


ഏച്ചൂര്‍ സംഘം എത്തിയത് ആസൂത്രണത്തോടെ

ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയ ബോംബില്‍ ലോഹച്ചീളുകളുണ്ടായിരുന്നു. പൊട്ടാത്ത ബോംബില്‍ ലോഹത്തിന്റെ അംശമില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. രണ്ടാമത്തെ ബോംബ് പൊട്ടിയെങ്കിലും ഇതില്‍ ലോഹച്ചീളുകളില്ലാത്തതു കൊണ്ടാണ് ആര്‍ക്കും സാരമായി പരിക്കേല്‍ക്കാതിരുന്നതെന്നും പൊലീസ് കരുതുന്നു. 

വിവാഹ വീട്ടില്‍ തലേന്നു രാത്രിയിലെ ആഘോഷത്തിനിടെ മിഥുനെ തോട്ടട സംഘത്തില്‍പ്പെട്ടയാള്‍ തല്ലിയെന്നും മിഥുന്‍ അയാളെ വാഹനത്തിന്റെ താക്കോല്‍ കൊണ്ട് കുത്തിയെന്നുമുളള വിവരവുമുണ്ട്. ഇതിനു വിവാഹദിവസം തിരിച്ചടിയുണ്ടായാല്‍ ബോംബെറിഞ്ഞ് എതിരാളികളെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഏച്ചൂര്‍ സംഘം കാര്യങ്ങള്‍ ആസൂത്രണം ചെയ്തതെന്നു പൊലീസ് കരുതുന്നു. മൂന്ന് ബോംബുകളും സംഘം തന്നെയാണ് ഉണ്ടാക്കിയതെന്നാണ് ഇതുവരെ ലഭിച്ച മൊഴികളില്‍ നിന്നുള്ള സൂചന.

ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയ സ്ഫോടകവസ്തുവില്‍ ലോഹച്ചീള്‍

പ്രതിരോധമെന്ന നിലയ്ക്കു മറ്റൊരു ഗുണ്ടാ സംഘത്തിന്റെ സഹായം ഏച്ചൂര്‍ സംഘം തേടിയതായും വിവരമുണ്ട്. കല്യാണവീട്ടിലേക്കു കയറാന്‍ അനുവദിക്കാതെ തടഞ്ഞതിനു പിന്നാലെ സംഘര്‍ഷമുണ്ടായെന്നും ബോംബ് എറിഞ്ഞെന്നുമാണ് പൊലീസ് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com