നാലിൽ അധികം പേർ കൂട്ടം കൂടരുത്, രാഷ്ട്രീയ യോ​ഗങ്ങളും പ്രകടനങ്ങളും വേണ്ട; കൊല്ലത്ത് മൂന്നു ദിവസം നിരോധനാജ്ഞ

സംഘർഷമോ പൊതുമുതൽ നശിപ്പിക്കലോ ഉണ്ടായാൽ ജാമ്യമില്ലാത്ത വകുപ്പ് കേസെടുക്കാനാണ് നിർദേശം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊല്ലം; കൊല്ലം റൂറൽ ജില്ലയിൽ തിങ്കളാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശാസ്താംകോട്ട ഡിബി കോളജിലെ സംഘർഷം കാമ്പസിന് പുറത്തേക്കും വ്യാപിച്ചതിനെ തുടർന്നാണ് നടപടി. ജനങ്ങൾ കൂട്ടം കൂടുകയോ നിയമലംഘനം നടത്തുകയോ ചെയ്യരുത്. സംഘർഷമോ പൊതുമുതൽ നശിപ്പിക്കലോ ഉണ്ടായാൽ ജാമ്യമില്ലാത്ത വകുപ്പ് കേസെടുക്കാനാണ് നിർദേശം. കേരള പൊലീസ് ആക്ട് 2011 വകുപ്പ് 79 പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

നിയന്ത്രണങ്ങൾ ഇങ്ങനെ

പൊലീസ് ജില്ലാ പരിധിയിൽ നാലിലധികം ആളുകൾ കൂട്ടംകൂടുന്നതിന് വിലക്കുണ്ട്. കൂടാതെ രാഷ്ട്രീയ യോഗങ്ങൾ, പ്രകടനങ്ങൾ, സമാധാനലംഘനത്തിനു കാരണമാകുന്ന പ്രവൃത്തികൾ എന്നിവയും തിങ്കളാഴ്ച രാവിലെ 11 വരെ നിരോധിച്ചു. എന്നാൽ മതപരമായ ചടങ്ങുകൾക്ക് നിയന്ത്രണം ബാധകമല്ല.

സംഘർഷത്തെ തുടർന്ന് ജില്ലയുടെ വിവിധഭാഗങ്ങളിൽ രാഷ്ട്രീയസംഘടനകൾ യോഗങ്ങളും പ്രകടനങ്ങളും നിശ്ചയിച്ചിരുന്നു. ഇത്തരം പരിപാടികളിൽ പ്രകോപനപരമായ മുദ്രാവാക്യം വിളികൾ, അക്രമങ്ങൾ, പൊതുജനങ്ങൾക്ക് കഷ്ടനഷ്ടങ്ങൾ വരുത്തൽ എന്നിവ ഉണ്ടാകാൻ ഇടയുള്ളതിനാലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയതെന്ന് എസ്പി കെ.ബി.രവി പറഞ്ഞു.

വിദ്യാർത്ഥികൾ തുടങ്ങിവച്ച തർക്കം

ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കെഎസ് യു എസ്ഫ്ഐ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ പ്രശ്നമുണ്ടായത്. ഇത് യൂത്ത് കോൺ​ഗ്രസും ഡിവൈഎഫ്ഐയും ഏറ്റെടുത്തതോടെ ജില്ലയിൽ വിവിധ സ്ഥലങ്ങളിലേക്കു സംഘർഷം വ്യാപിപ്പിക്കുകയായിരുന്നു. നിരവധി വീടുകളും കെട്ടിടങ്ങൾക്കും നേരെ ആക്രമമുണ്ടായി. സ്ഥിതി​ഗതികൾ രൂക്ഷമായതോടെയാണ് നടപടിയുമായി പൊലീസ് രം​ഗത്തെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com