കണ്ണൂർ ജയിലിൽ റെയ്ഡ്; പെരിയ ഇരട്ടക്കൊലക്കേസിലെ മുഖ്യ പ്രതി പീതാംബരൻ അടക്കം മൂന്നു പേരിൽ നിന്നും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു

സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിലാണ് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യ പ്രതി പീതാംബരൻ ഉൾപ്പെടെ മൂന്നു പേരിൽ നിന്നും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്നും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് സിപിഎം ലോക്കൽ കമ്മിറ്റി അം​ഗമായ എ പീതാംബരൻ.

കാസര്‍ഗോഡ് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവർ 2019 ഫെബ്രുവരി 17നു രാത്രി 7.45നാണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ അക്രമി സംഘം കൃപേഷിനെയും ശരത് ലാലിനെയും ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കേസിൽ 24 പ്രതികളാണുള്ളത്. ഉദുമ മുൻ എംഎൽഎയും സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനും പ്രതിപ്പട്ടികയിലുണ്ട്. ഇരുപത്തി ഒന്നാം പ്രതിയാണ് കുഞ്ഞിരാമൻ.  രാഷ്ട്രീയ വൈരാഗ്യം മൂലമാണ് കൊലപാതകങ്ങളെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com