കോഴിക്കോട് വീണ്ടും ചെള്ളുപനി; രോഗം അമ്പതുവയസ്സുകാരന്, നാലുപേര്‍ നിരീക്ഷണത്തില്‍

രോഗബാധ സംശയിക്കുന്ന നാല് പേര്‍ ചികിത്സയിലാണ്. ഇവരുടെ പരിശോധന ഫലം അടുത്ത ദിവസങ്ങളില്‍ വരും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും ചെള്ളുപനി സ്ഥിരീകരിച്ചു. വടകര സ്വദേശിയായ അമ്പതു വയസ്സുകാരനാണ് രോഗബാധ. രോഗബാധ സംശയിക്കുന്ന നാല് പേര്‍ ചികിത്സയിലാണ്. ഇവരുടെ പരിശോധന ഫലം അടുത്ത ദിവസങ്ങളില്‍ വരും.

നേരത്തെ ജില്ലയില്‍ ചെള്ളുപനി ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. വിട്ടുമാറാത്ത പനിയും തലകറക്കവും തൊണ്ട വേദനയുമാണ് ചെള്ളുപനിയുടെ രോഗലക്ഷണം. എലി, അണ്ണാന്‍, മുയല്‍ തുടങ്ങി ഭക്ഷണം കരണ്ട് തിന്നുന്ന മൃഗങ്ങളിലെ ചെള്ളുകളില്‍ നിന്നാണ് പനി ഉണ്ടാകുന്ന ബാക്ടീരിയ വരുന്നത്. ഇത്തരം ജീവികളുമായി ഇടപെടേണ്ടി വരുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അസുഖം പടരില്ല. ചെള്ളു കടിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് രോഗലക്ഷണം കാണുന്നത്.

രോഗലക്ഷണങ്ങള്‍

രോഗം ബാധിച്ചവരുടെ ശരീരത്തില്‍ പ്രത്യേക തരത്തിലുള്ള ഒരു വൃണം ഉണ്ടാകാം എന്നത് മറ്റു പനികളില്‍ നിന്ന് സ്‌ക്രബ് ടൈഫസിനെ വേര്‍തിരിച്ചു അറിയാന്‍ സഹായിക്കുന്ന ഒരു ലക്ഷണമാണ്. ചെള്ള് കടിച്ച ഭാഗമാണ് ഇങ്ങനെ ഒരു ചെറിയ വൃണമായി കാണുന്നത്. എഷ്‌കര്‍ എന്നാന്ന് ഈ ചെറിയ വൃണം അറിയപ്പെടുന്നത്. ചുറ്റും ചുവന്ന് നടുവില്‍ ഇരുണ്ട് പൊറ്റ പിടിച്ച ഒരു വൃണമായാണ് ഇത് കാണപ്പെടുന്നത്. ഇത്തരം വൃണം കാണപ്പെടുന്ന രോഗികളില്‍ കടുത്ത പനിയും കിടുങ്ങലും ഉണ്ടെങ്കില്‍ സ്‌ക്രബ് ടൈഫസ് പിടിപെട്ടതായി സംശയിക്കണം.
സ്‌ക്രബ് ടൈഫസിന്റെ മറ്റു ചില ലക്ഷണങ്ങള്‍ എലിപ്പനിയുടേതിന് സമാനമാണ്. 

എലിപ്പനിക്കാര്‍ക്ക് ഉള്ളതുപോലെ തലവേദനയും ദേഹം വേദനയും പേശീവേദനയും സ്‌ക്രബ് ടൈഫസ് ബാധിച്ചവരിലും ഉണ്ടാവും. ശരീരത്തിലെ ലസികാ ഗ്രന്ഥികളുടെ വീക്കവും, ചര്‍മ്മത്തില്‍ ചുവര്‍ന്ന തിണര്‍പ്പുകളുമാണ് മറ്റു ലക്ഷണങ്ങള്‍. രോഗം ഗുരുതരമായാല്‍, തലച്ചോറില്‍ അണുബാധയുണ്ടായതിന്റെ ലക്ഷണങ്ങള്‍ പ്രകടമാവും. രോഗിക്ക് സ്വബോധം തകരാറിലാവുകയും ആശയക്കുഴപ്പം ഉണ്ടാവുകളും പെരുമാറ്റത്തില്‍ വ്യതിയാനം വരികയും സ്ഥലകാല ബോധം നഷ്ടപ്പെടുകയും ചെയ്യാം. ഒടുവില്‍ ഇത് പൂര്‍ണ്ണമായ ബോധക്ഷയത്തിലേക്ക് നയിക്കുകയും ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com