തലയ്ക്കു മുകളിലായി വലിയ ശബ്ദത്തോടെ ഹെലികോപ്റ്റർ, വർക്ക്ഷോപ്പിന്റെ മേൽക്കൂര പറന്നുപോയി

വലിയ ശബ്ദം കേട്ട് മുകളിലേക്കു നോക്കിയപ്പോഴാണ് തൊട്ടുമുകളിലായി ഹെലികോപ്റ്റർ കണ്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം; ഹെലികോപ്റ്റർ താഴ്‌ന്ന്‌ പറന്നതിനെത്തുടർന്ന് ഏറ്റുമാനൂർ വള്ളിക്കാട് കുരിശുമല ഭാഗത്ത്‌ നാശനഷ്ടം. ബുധനാഴ്ച രാവിലെയാണ് ഹെലികോപ്റ്റർ താഴ്ന്നു പറന്നത്. തുടർന്ന് പ്രദേശത്തെ വർക് ഷോപ്പിന്റെ മേൽക്കൂര പറന്നുപോവുകയും വീടിന് നാശനഷ്ടമുണ്ടാവുകയുമായിരുന്നു. 

മിനിറ്റുകളോളം താഴ്ന്നു പറന്നു

താഴ്ന്നു പറന്ന ഹെലികോപ്റ്റർ മിനിറ്റുകളോളം കട്ടിപ്പറമ്പിൽ എം.ഡി.കുഞ്ഞുമോന്റ (51) വീടിനോടുചേർന്നുള്ള വണ്ടി പെയിന്റിങ്‌ വർക്ക്ഷോപ്പിനു മുകളിൽ നിലയുറപ്പിക്കുകയായിരുന്നു. ടാർപ്പോളിൻ ഉപയോഗിച്ച് നിർമിച്ചിരുന്ന മേൽക്കൂര പറന്നുപോയി. കൂടാതെ കീറി നശിക്കുകയുംചെയ്തു. വീടിന്റെ അടുക്കളഭാഗത്തെ ആസ്ബസ്റ്റോസ് ഷീറ്റുകൾ തകർന്നു. 

വലിയ ശബ്ദം കേട്ട് മുകളിലേക്കു നോക്കിയപ്പോഴാണ് തൊട്ടുമുകളിലായി ഹെലികോപ്റ്റർ കണ്ടത്. സംഭവസമയത്ത്‌ വർക്ക്ഷോപ്പിൽ ഉണ്ടായിരുന്നവർ ഇറങ്ങിയോടി. രോഗിയായ കുഞ്ഞുമോന് ഓടാൻ സാധിച്ചില്ല. ശക്തമായ കാറ്റിൽ പൊടിപടലങ്ങൾ ഉണ്ടാകുകകയും സാധനങ്ങൾ വരെ തെറിച്ചുപോവുകയും ചെയ്തു. 25,000 രൂപയോളം നഷ്ടമുണ്ടായതായി പറയുന്നത്. കാൻസർ രോഗിയായ കുഞ്ഞുമോൻ കീമോ ചികിത്സയിൽ കഴിയുന്നയാളാണ്. 

നേവിയുടെ ഹെലികോപ്റ്ററെന്ന് സംശയം

സംഭവശേഷം കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലും ഏറ്റുമാനൂർ സ്റ്റേഷനിലും അറിയിച്ചിരുന്നു. അവിടെനിന്ന് നടപടികൾ ഒന്നുമുണ്ടായില്ല. പഞ്ചായത്തംഗം വിേല്ലജ് ഓഫീസിൽ അറിയിച്ചു. എന്നാൽ, അവർക്കും ഒന്നുംചെയ്യാൻ കഴിയില്ലെന്ന് അറിയിച്ചു. നേവിയുടെ ഹെലികോപ്റ്ററാണെന്നാണ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കോട്ടയം അഡീഷണൽ എസ്.പി. എസ്.സുരേഷ് കുമാർ ഏറ്റുമാനൂർ പോലീസിന് രാത്രി വൈകി നിർദേശം നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com