തൂക്കിക്കൊല്ലുമെന്ന് വരെ പറഞ്ഞു; കുറ്റമേറ്റത് സഹോദരന്റെ മകനെ പിടിച്ചുകൊണ്ടുപോകുമെന്ന് പറഞ്ഞപ്പോള്‍; നേരിട്ടത് ക്രൂരപീഡനമെന്ന് 14 കാരിയുടെ രക്ഷിതാക്കള്‍

14 കാരി കൊല്ലപ്പെട്ട കേസിൽ നിരപരാധികളായ രക്ഷിതാക്കളെ പ്രതിയാക്കാൻ പൊലീസ് ശ്രമിച്ചത് ക്രൂരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു
വീട്ടമ്മ വി ഡി സതീശനോട് നേരിട്ട പീഡനങ്ങൾ വിവരിക്കുന്നു/ ടെലിവിഷൻ ദൃശ്യം
വീട്ടമ്മ വി ഡി സതീശനോട് നേരിട്ട പീഡനങ്ങൾ വിവരിക്കുന്നു/ ടെലിവിഷൻ ദൃശ്യം

തിരുവനന്തപുരം: കോവളത്ത് 14 കാരി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ ക്രൂരപീഡനത്തിന് ഇരയായെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വീട് സന്ദര്‍ശിച്ചപ്പോഴാണ് 14 കാരിയുടെ വളര്‍ത്തമ്മയും വളര്‍ത്തച്ഛനും നേരിട്ട പീഡനങ്ങള്‍ പ്രതിപക്ഷ നേതാവിനോട് വിവരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത് കുറ്റം ഏല്‍ക്കണമെന്ന് ആവശ്യപ്പെട്ട് വലിയ തോതില്‍ പീഡിപ്പിച്ചു.  

തൂക്കിക്കൊല്ലുമെന്ന് വരെ പൊലീസുകാര്‍ പറഞ്ഞു. അവസാനം സഹോദരന്റെ മകനെ പ്രതിയാക്കി കൊണ്ടുപോകുമെന്ന് പറഞ്ഞപ്പോഴാണ് താന്‍ കുറ്റം ഏല്‍ക്കാമെന്ന് പറഞ്ഞതെന്ന് 14 കാരിയുടെ വളര്‍ത്തമ്മ പറഞ്ഞു. ഒരു പ്രതിയെയാണ് സാറിന് വേണ്ടതെങ്കില്‍ ഞാനേറ്റോളാം. നിങ്ങള്‍ എന്നെ എന്തു ചെയ്താലും വേണ്ടില്ല, സഹോദരന്റെ മകനെ വിട്ടു തരില്ല, അവര്‍ അങ്ങനെ ചെയ്യില്ലെന്ന് പൊലീസിനോട് പറഞ്ഞു. 

സഹോദരന്റെ മകനെയും ഉപദ്രവിച്ചു

സഹോദരന്റെ മകനെയും പൊലീസുകാര്‍ ഉപദ്രവിച്ചു. കാലില്‍ ചവിട്ടി, ശരീരത്തില്‍ മര്‍ദ്ദിച്ചു. ഞാന്‍ തൊഴിലുറപ്പ് ജോലിക്ക് പോകുമ്പോള്‍ മകളെ പ്രതികളുടെ വീട്ടിലാണ് ആക്കിയിരുന്നത്. അവരുമായി നല്ല അടുപ്പത്തിലായിരുന്നു. ഇങ്ങനെ ചെയ്തിട്ട് ഞങ്ങളെ കുറ്റപ്പെടുത്തി, അവരെ ചോദ്യം ചെയ്തില്ല. അവര് പറഞ്ഞത് പൊലീസുകാര് കേട്ടു. വേറെ ആരോടും ചോദിച്ചില്ലെന്നും അമ്മ പറഞ്ഞു. 

എടുത്തു വളര്‍ത്തിയ കുട്ടിയല്ലേ, ഞങ്ങള്‍ ചെയ്തതാണെന്നാണ് പൊലീസുകാര്‍ വിശ്വസിച്ചത്. കാല്‍ ഒടിഞ്ഞു കിടന്നപ്പോഴും അടുത്ത വീട്ടില്‍ പോയി ചാണകം വാരിയാണ് കുട്ടിക്ക് പാല്‍ വാങ്ങിക്കൊടുത്തത്. കുട്ടിയെ കമ്പുകൊണ്ട് അടിച്ചതായി പറയണമെന്ന് പൊലീസ് പറഞ്ഞു. എന്നിട്ട് കമ്പ് അടുക്കളയില്‍ നിന്നും പൊലീസ് എടുത്തുകൊണ്ടുപോയി. ഒരാളെ കൊന്നശേഷം ആ കമ്പ് അടുക്കളയില്‍ ഇട്ടേക്കുമോയെന്ന് അമ്മ ചോദിച്ചു. 

ഇനി എന്തോന്ന് പിന്നില്?. ഞങ്ങള്‍ക്ക് കുഞ്ഞിനെ കിട്ടുമോ? 

ചായ ഇടണ സോഫ്പാന്‍ വേണമെന്ന് പൊലീസുകാര്‍ പറഞ്ഞു. അതും എടുത്തുകൊണ്ടുപോയി. അതുകൊണ്ട് തലയ്ക്കടിച്ചു എന്നു വരുത്തിതീർക്കാനായിരുന്നു അത്. ഞങ്ങള്‍ക്ക് നീതി ലഭിക്കാനായി ആരും വന്നില്ല. പാവപ്പെട്ട ഞങ്ങള്‍ക്ക് എന്തര് ഇറങ്ങാന്‍?. ഇപ്പോ സമുദായക്കാര് അടക്കം എല്ലാവരും വരുന്നുണ്ട്. ഞങ്ങളെ പിന്നില്‍ നില്‍ക്കാമെന്ന് പറയുന്നു. ഇനി എന്തോന്ന് പിന്നില്?. ഞങ്ങള്‍ക്ക് കുഞ്ഞിനെ കിട്ടുമോയെന്ന് അമ്മ ചോദിച്ചു. 

അര്‍ബുദബാധിതയായ താന്‍ ആര്‍സിസിയില്‍ നിന്നും ചികിത്സ കഴിഞ്ഞ് വന്നിട്ട്  മൂന്നു ദിവസമേ ആയിട്ടുള്ളൂവെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് കോവളത്ത് 14 കാരിയുടെ ദുരൂഹമരണം സംഭവിക്കുന്നത്. വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടിയെ നാട്ടുകാരുടെ സഹായത്തോടെ വീട്ടുകാര്‍ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരിച്ചു. 

കേസിൽ നിർണായക വഴിത്തിരിവ്

ഏതാനും ദിവസം മുമ്പ് അയല്‍വാസിയായ സ്ത്രീയെ കൊലപ്പെടുത്തി തട്ടിന്‍പുറത്ത് ഒളിപ്പിച്ച കേസില്‍ റഫീഖ ബീവി(48), മകന്‍ ഷഫീഖ് (25) എന്നിവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മുമ്പ് 14 കാരിയെയും കൊലപ്പെടുത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞത്. 

മകൻ പീഡിപ്പിച്ച വിവരം പുറത്തു പറയാതിരിക്കാനാണ് 14കാരിയെ കൊലപ്പെടുത്തിയതെന്നാണ് റഫീഖ പറഞ്ഞത്. കഴിഞ്ഞ വർഷം പതിനാലുകാരിയെ തലയ്‌ക്കടിച്ചു കൊന്ന അതേ ചുറ്റിക കൊണ്ടാണ് കഴിഞ്ഞ ദിവസം അയൽവാസിയായ ശാന്തകുമാരിയെയും പ്രതികൾ കൊന്നത്. 14കാരിയുടെ വീടിനോട് ചേർന്നുള്ള വാടകവീട്ടിലാണ് റഫീഖയും മകനും താമസ്സിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 30ൽ അധികം പേരെ അന്ന് ചോദ്യം ചെയ്തിട്ടും കേസിൽ തുമ്പൊന്നും തന്നെ ലഭിച്ചിരുന്നില്ല. ഇതിനിടെ റഫീഖയും കുടുംബവും വീട് മാറുകയും ചെയ്തു.

ഈ പൊലീസുകാരും ഗുണ്ടയും തമ്മിൽ എന്താണ് വ്യത്യാസം?

14 കാരി കൊല്ലപ്പെട്ട കേസിൽ നിരപരാധികളായ രക്ഷിതാക്കളെ പ്രതിയാക്കാൻ പൊലീസ് ശ്രമിച്ചത് ക്രൂരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഈ പൊലീസുകാരും 19 വയസ്സുകാരനെ തല്ലിക്കൊന്ന ​ഗുണ്ടയും തമ്മിൽ എന്താണ് വ്യത്യാസം?. നിരപരാധികളെ പീഡിപ്പിച്ചതിന് കാരണക്കാരായ പൊലീസുകാർക്കെതിരെ സർക്കാർ നടപടിയെടുക്കണം. ഇവരോട് മാപ്പുപറയണം. നഷ്ടപരിഹാരം നൽകണം. കാൻസർ രോ​ഗിയായ വീട്ടമ്മയുടെ ചികിത്സാച്ചെലവ് സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ പ്രതിപക്ഷം ഏറ്റെടുക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com