ഓര്‍ഡിനന്‍സ് കൊണ്ടുവരുമ്പോള്‍ പ്രതിപക്ഷവുമായി ആലോചിക്കേണ്ടതില്ല; ഭേദഗതിയെ ന്യായീകരിച്ച് കോടിയേരി

ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ പ്രതിപക്ഷ നേതാവുമായി സര്‍ക്കാര്‍ കൂടിയാലോചന നടത്തിയ ചരിത്രം മുന്‍പ് ഉണ്ടായിട്ടില്ലെന്നും കോടിയേരി 
സിപിഎം സമ്മേളനത്തിൽ മുഖ്യമന്ത്രിയും കോടിയേരിയും/ ഫെയ്സ്ബുക്ക് ചിത്രം
സിപിഎം സമ്മേളനത്തിൽ മുഖ്യമന്ത്രിയും കോടിയേരിയും/ ഫെയ്സ്ബുക്ക് ചിത്രം

തിരുവനന്തപുരം: ലോകായുക്ത നിയമം ഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചട്ടലംഘനം ചൂണ്ടിക്കാട്ടി 
ഭരണഘടന പദവിയിലിരിക്കുന്നവരെ പുറത്താക്കാന്‍ നിയമത്തിലുള്ള വകുപ്പ് ഭരണഘടനയുടെ അന്തസത്തയ്ക്ക് യോജിക്കുന്നതല്ല എന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ പ്രതിപക്ഷ നേതാവുമായി സര്‍ക്കാര്‍ കൂടിയാലോചന നടത്തിയ ചരിത്രം മുന്‍പ് ഉണ്ടായിട്ടില്ലെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ഭരണഘടന പദവിയില്‍ ഇരിക്കുന്നവരെ പുറത്താക്കാന്‍ ലോകായുക്ത നിയമം വ്യവസ്ഥ ചെയ്യുന്നില്ല. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന നിയമത്തില്‍ ഈ വകുപ്പ് ഉള്‍പ്പെടുന്നു. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങളും കേന്ദ്ര ലോക്പാല്‍ നിയമവും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഈ വകുപ്പ് ഭരണഘടനയുമായി യോജിക്കുന്നതല്ല എന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തില്‍ പ്രസക്തി ഉണ്ട് എന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും കോടിയേരി പറഞ്ഞു.

നിലവില്‍ ഭരണഘടന പദവിയില്‍ ഇരിക്കുന്നവര്‍ ചട്ടലംഘനം നടത്തിയതായി ലോകായുക്ത കണ്ടെത്തിയാല്‍ ഇവരെ പുറത്താക്കാന്‍ അധികാരി നിര്‍ബന്ധിതമാകുകയാണ്. അപ്പീല്‍ നല്‍കാന്‍ അനുമതിയില്ല.അപ്പീലിന് അധികാരമില്ലാത്ത വിധമുള്ള വകുപ്പ് ചേര്‍ത്തത് ഭരണഘടനയുടെ 164-ാം അനുച്ഛേദത്തിന്റെ അന്തസത്തയ്ക്ക് യോജിച്ചതല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്. 

ഉന്നതവിദ്യാഭ്യാസമന്ത്രിക്കെതിരെ പരാതി നല്‍കിയതിന് ശേഷമാണ് നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം കോടിയേരി തള്ളി. പ്രതിപക്ഷ നേതാവ് പരാതി നല്‍കുന്നതിന് മുന്‍പ് തന്നെ എജി സര്‍ക്കാരിന് ഇതുസംബന്ധിച്ച് നിയമോപദേശം നല്‍കിയിരുന്നു. ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് പ്രതിപക്ഷ നേതാവുമായി ആലോചിക്കേണ്ടതില്ല. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് അത്തരത്തിലുള്ള കീഴ് വഴക്കമുണ്ടായിട്ടില്ല. മുന്‍ യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത്‌ അത്തരത്തിലുള്ള കൂടിയാലോചനകള്‍ നടന്നിട്ടില്ലെന്നും സതീശന്റെ ആരോപണത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com