മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ: പുതിയ പരിശോധന വേണമെന്ന് കേന്ദ്ര ജല കമ്മീഷന്‍

2010 - 2012 കാലഘട്ടത്തിലാണ്  ഇതിനുമുമ്പ് അണക്കെട്ടിന്റെ സുരക്ഷ പരിശോധന ശാസ്ത്രീയമായി നടന്നത്
മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍
മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പുതിയ പരിശോധന വേണമെന്ന് കേന്ദ്ര ജല കമ്മീഷന്‍. ഇതിനുള്ള സമയമായെന്നും കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. മുല്ലപ്പെരിയാര്‍ അണകെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഫെബ്രുവരി രണ്ടാം വാരം സുപ്രീംകോടതിയില്‍ അന്തിമ വാദം കേള്‍ക്കല്‍ ആരംഭിക്കാനിരിക്കെയാണ് കേന്ദ്ര ജല കമ്മീഷന്‍ പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്.

കേന്ദ്ര ജല കമ്മീഷന്‍ ഡെപ്യുട്ടി ഡയറക്ടര്‍ രാകേഷ് കുമാര്‍ ഗൗതം ആണ് പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്. മേല്‍നോട്ട സമിതി അണക്കെട്ട് സന്ദര്‍ശിച്ച് നടത്തിയ പരിശോധനകളില്‍  സുരക്ഷ തൃപ്തികരമാണെന്ന് കണ്ടത്തിയതായും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

2010 - 2012 കാലഘട്ടത്തിലാണ്  ഇതിനുമുമ്പ് അണക്കെട്ടിന്റെ സുരക്ഷ പരിശോധന ശാസ്ത്രീയമായി നടന്നത്. ജലകമ്മീഷനും, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളും, വിദഗ്ദ്ധരും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ആ പരിശോധനയില്‍ അണകെട്ട് സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു. 

എന്നാല്‍ അതിനുശേഷം ശാസ്ത്രീയ പരിശോധനകള്‍ ഒന്നും നടന്നിട്ടില്ല. സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതി അണകെട്ട് സന്ദര്‍ശിക്കുമ്പോള്‍ നടത്തിയ പരിശോധനകള്‍ മാത്രമാണ് നടന്നിട്ടുള്ളത്. അണക്കെട്ട് ബലപ്പെടുത്തുന്നതിന് മരം മുറിക്കാനുള്ള അനുമതി കേരളം നല്‍കുന്നില്ലെന്നും തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com