പ്രതി ചാടിപ്പോയ സംഭവം: ചേവായൂര്‍ സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; ജാഗ്രതക്കുറവുണ്ടായെന്ന് റിപ്പോര്‍ട്ട്

സ്‌പെഷല്‍ ബ്രാഞ്ച് എസിപി കഴിഞ്ഞ ദിവസമാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്
പെൺകുട്ടികളുടെ സിസിടിവി ദൃശ്യം
പെൺകുട്ടികളുടെ സിസിടിവി ദൃശ്യം


കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ചേവായൂര്‍ പൊലീസ് സ്‌റ്റേഷനില്‍ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പേരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

എഎസ്‌ഐ സജി, സിവില്‍ പൊലീസ് ഓഫീസര്‍ ദിലീഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. രണ്ടുപേര്‍ക്കും ജാഗ്രതക്കുറവ് ഉണ്ടായതായി സ്‌പെഷല്‍ ബ്രാഞ്ച് എസിപി ഉമേഷ് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണം പൂര്‍ത്തിയായാല്‍ ഇവര്‍ക്കെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്. സ്‌പെഷല്‍ ബ്രാഞ്ച് എസിപി കഴിഞ്ഞ ദിവസമാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. 

തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പേരടി വീട്ടില്‍ ഫെബിന്‍ റാഫി (26)യാണ് ചേവായൂര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ചാടിപ്പോയത്. തിരിച്ചലിനൊടുവില്‍ പൊലീസ് ഇയാളെ കണ്ടെത്തിയിരുന്നു. ബംഗളൂരുവില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം കണ്ടെത്തിയ രണ്ട് മലയാളി യുവാക്കളില്‍ ഒരാളാണ് ഫെബിന്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മദ്യം  വാങ്ങി നല്‍കിയെന്നും ലൈംഗികമായി  പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. കര്‍ണാടകയിലെ ഹോട്ടലില്‍ മുറിയെടുക്കാന്‍ സാഹിയിച്ചതും പ്രതികളാണെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. 

അതേസമയം പെണ്‍കുട്ടികളിലൊരാളെ അമ്മയ്‌ക്കൊപ്പം വിട്ടയച്ചു. മറ്റു കുട്ടികളെ വീട്ടുകാരോടൊപ്പം അയക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ബാലക്ഷേമ സമിതി അറിയിച്ചു. ഒരു രക്ഷിതാവ് കൂടി കുട്ടിയെ ഏറ്റെടുക്കാന്‍ താല്‍പര്യമറിയിച്ചിട്ടുണ്ട്. പെണ്‍കുട്ടികളില്‍ നിന്നും ബാലാവകാശ കമ്മീഷനും വിശദമായ മൊഴി രേഖപ്പെടുത്തും. ബാലമന്ദിരത്തിലെ സുരക്ഷാ വീഴ്ചയിലുള്‍പ്പടെ ഉടന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com