പ്രവര്‍ത്തകര്‍ തിരിച്ചടിച്ചാല്‍  തടയില്ലെന്ന് കെ മുരളീധരന്‍;  അക്രമത്തില്‍ മന്ത്രിയുടെ സ്റ്റാഫും ഉണ്ടായിരുന്നെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

സിപിഎം കുട്ടികളെക്കൊണ്ട് ചുടുചോറ് വാരിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്ത രാഹുല്‍ഗാന്ധിയുടെ ഓഫീസ്/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്ത രാഹുല്‍ഗാന്ധിയുടെ ഓഫീസ്/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌


കോഴിക്കോട്: രാഹുല്‍ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസ് ആക്രമണത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. പ്രവര്‍ത്തകര്‍ തിരിച്ചടിച്ചാല്‍ തങ്ങള്‍ തടയില്ലെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ രീതി അനുസരിച്ച് എന്തുപ്രവൃത്തി ചെയ്യുമ്പോഴും സംസ്ഥാന നേതൃത്വം അറിയാതിരിക്കില്ല. എന്തിനാണ് മൂന്നുറോളം പേര്‍ ചേര്‍ന്ന് രാഹുല്‍ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതെന്നും അക്രമം അഴിച്ചുവിട്ടതെന്നും സിപിഎം വിശദീകരിക്കണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു.  

മഹാത്മാഗാന്ധിയുടെ ചിത്രം പ്രതിഷേധക്കാര്‍ നശിപ്പിച്ചു. മഹാത്മജിയോടുള്ള ആര്‍എസ്എസിന്റെ നിലപാടിനേക്കാള്‍ രൂക്ഷമായിട്ടാണ് ഇപ്പോള്‍ സിപിഎം പ്രവര്‍ത്തിക്കുന്നത്. പയ്യന്നൂരില്‍ ഗാന്ധിജിയുടെ പ്രതിമയുടെ തല വെട്ടിമാറ്റി. ഇന്നലെ ഗാന്ധിയുടെ ഛായാചിത്രവും നശിപ്പിച്ചു. രാഹുല്‍ഗാന്ധിയുടെ കസേരയില്‍ വാഴ വെക്കുകയും ചെയ്തു. ബിജെപിയെ പൂര്‍ണമായി സന്തോഷിപ്പിക്കുന്ന നടപടിയാണ് ഇന്നലെയുണ്ടായതെന്നും മുരളീധരന്‍ പറഞ്ഞു.

രാഹുല്‍ഗാന്ധിയുടെ ഓഫീസിന് നേര്‍ക്കുണ്ടായ അക്രമത്തില്‍ മന്ത്രിയുടെ സ്റ്റാഫ് അംഗവും ഉണ്ടായിരുന്നതായി ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ആരോപിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സ്റ്റാഫ് അംഗം അക്രമത്തില്‍ ഉണ്ടായിരുന്നതായുള്ള വിവരമാണ് പുറത്തുവന്നത്. ഇക്കാര്യം വിശദമായി അന്വേഷിച്ചു പുറത്തുകൊണ്ടുവരേണ്ടതാണെന്നും എസി ബാലകൃഷ്ണന്‍ പറഞ്ഞു. ടി സിദ്ധിഖ് എംഎല്‍എയും ഈ ആരോപണം ആവര്‍ത്തിച്ചു. 

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിനുനേരെ നടന്ന എസ്എഫ്‌ഐ ആക്രമണം മോദിയെയും സംഘപരിവാറിനെയും സുഖിപ്പിക്കാന്‍ വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡിസതീശന്‍ ആരോപിച്ചു. ഭരണകക്ഷി നടത്തുന്ന രണ്ടാമത്തെ കലാപ ആഹ്വാനമാണിത്. സംഘപരിവാര്‍ ശക്തികള്‍ രാഹുലിനെ നിരന്തരം വേട്ടയാടുന്ന സന്ദര്‍ഭത്തില്‍ അതിന് ചൂട്ടുപിടിച്ച് കൊടുക്കുകയാണ് കേരളത്തില്‍ സിപിഎം ചെയ്യുന്നത്. ആസൂത്രിതമായി നടത്തുന്ന കാര്യങ്ങളാണിതൊക്കെ. ബിജെപിയെ എല്‍ഡിഎഫില്‍ ഘടകകക്ഷിയാക്കുന്നതാണ് നല്ലതെന്നും വി ഡി സതീശന്‍ പരിഹസിച്ചു.

സിപിഎം കുട്ടികളെക്കൊണ്ട് ചുടുചോറ് വാരിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. അക്രമം ബിജെപിയെ സന്തോഷിപ്പിക്കാനാണ്. രാഹുല്‍ഗാന്ധിയെ കേന്ദ്രസര്‍ക്കാര്‍ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. മോദി നിര്‍ത്തിയപ്പോള്‍ ഇപ്പോള്‍ പിണറായി വിജയനും കൂട്ടരും തുടങ്ങി. ഒരു എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ച് ഉണ്ടായാല്‍പ്പോലും 500 മീറ്റര്‍ അകലെ വെച്ച് പൊലീസ് തടയുകയാണ് പതിവ്. 

വയനാട്ടില്‍ കേന്ദ്രനേതാവായ ഒരു എംപിയുടെ ഓഫീസിലേക്ക് നടന്ന മാര്‍ച്ച് തടഞ്ഞില്ല എന്നു മാത്രമല്ല, ഓഫീസിനകത്തു കയറി അക്രമം നടത്തിയിട്ടും പൊലീസ് കയ്യും കെട്ടി നോക്കിനില്‍ക്കുകയാണ് ചെയ്തത്. ആരു പറഞ്ഞിട്ടാണ് പൊലീസ് അങ്ങനെ ചെയ്തത്. മഹാത്മാഗാന്ധിയുടെ ചിത്രവും നശിപ്പിച്ചു. മഹാത്മാഗാന്ധി എന്തു തെറ്റാണ് ചെയ്തത്. സംഘപരിവാര്‍ മഹാത്മജിയുടെ ചിത്രത്തിനും പ്രതിമയ്ക്കും നേരെ വെടിവെക്കുകയാണ് ചെയ്തതെങ്കില്‍ സിപിഎം തല വെട്ടിമാറ്റുകയാണ് ചെയ്യുന്നത്. ഗാന്ധിജിയോടുള്ള സമീപനത്തില്‍ സംഘപരിവാറും സിപിഎമ്മും ഒരേ നിലപാടാണെന്നാണ് ഇതു വ്യക്തമാക്കുന്നത്. രാഹുലിന്റെ ഓഫീസില്‍ മണിക്കൂറുകളോളം എസ്എഫ്‌ഐക്കാര്‍ നഗ്നതാണ്ഡവം ആടുകയായിരുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com