പോക്സോ കേസ്; നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റ് കീഴടങ്ങി

സുപ്രീം കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് കൊച്ചി ന​ഗരത്തിലും പരിസര പ്രദേശങ്ങളിലും ഇയാളെ കണ്ടെത്തുന്നതിനായി വ്യാപക പരിശോധന നടത്തിയിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിലെ മുഖ്യപ്രതിയായ ഹോട്ടലുടമയും വ്യവസായിയുമായ റോയ് വയലാറ്റ് കീഴടങ്ങി. മട്ടാഞ്ചേരിയിൽ വച്ചാണ് ഇയാൾ പൊലീസിൽ കീഴടങ്ങിയത്. 

കേസിലെ ഒന്നാം പ്രതിയായ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾക്ക് വേണ്ടി പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. അതിനിടെയാണ് ഇപ്പോൾ കീഴടങ്ങിയിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ സൈജു തങ്കച്ചനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. 

ഒളിവിൽ കഴിയുന്നതിനിടെ റോയിയുടെ ഇടക്കൊച്ചിയിലെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു. സുപ്രീം കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് കൊച്ചി ന​ഗരത്തിലും പരിസര പ്രദേശങ്ങളിലും ഇയാളെ കണ്ടെത്തുന്നതിനായി വ്യാപക പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് ഇപ്പോൾ കീഴടങ്ങിയിരിക്കുന്നത്. 

ഇയാളെ ജില്ലാ ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇയാളെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്ത് കോടതിയിൽ ഹാജരാക്കും. നാളെയായിരിക്കും ഇയാളെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുക. 

നേരത്തെ റോയിക്കും സൈജു തങ്കച്ചനും സുപ്രീം കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടർന്ന് സുപ്രീംകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇരുവരും പിൻവലിച്ചു. സിസിടിവി ദൃശ്യങ്ങളും ഇരയുടെ മൊഴിയും അടക്കം പരിശോധിച്ച ശേഷം ഹൈക്കോടതി തള്ളിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇടപെടാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതി വിധി. 

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 17 വയസ് മാത്രം പ്രായമുള്ള കുട്ടിയാണ് ഇരയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗൗരവമേറിയ കേസാണിത്. ഇരയുടെ രഹസ്യമൊഴിയുൾപ്പെടെ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ ദിവസം കേസിൽ മറ്റൊരു പ്രതിയായ അഞ്ജലി റിമ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ റോയ് വയലാറ്റിന്റെയും സൈജു തങ്കച്ചന്റെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങളും പരാതി നൽകിയ പെൺകുട്ടിയുടെ രഹസ്യ മൊഴിയും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി വിധി. 

പരാതിക്ക് പിന്നിൽ ബ്ലാക്ക് മെയിലിങ് ആണെന്നായിരുന്നു പ്രതികളുടെ വാദം. കേസ് കെട്ടിച്ചമച്ചതാണെന്നും മോഡലുകളുടെ മരണം ഉണ്ടായപ്പോൾ ഉന്നയിച്ച അതേ വാദങ്ങളാണ് ഇപ്പോഴും ഉന്നയിക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ ഇത് ഹൈക്കോടതി അംഗീകരിച്ചില്ല. 

റോയ് അടക്കമുള്ള പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. 2021 ഒക്ടോബർ 20ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ യുവതിയും മകളും നൽകിയ പരാതിയിൻമേലാണ് കേസെടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com