'അനിശ്ചിതകാല പണിമുടക്ക് വിളിച്ചു വരുത്തരുത്'; ആന്റണി രാജുവിന്റെ ഓഫീസിലേക്ക് എഐടിയുസി മാര്‍ച്ച്

പണിയെടുത്ത തൊഴിലാളി കൂലിക്ക് വേണ്ടി സമരം ചെയ്യേണ്ടിവരുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന് മാനക്കേടാണ്‌
എഐടിയുസി മാര്‍ച്ചില്‍ നിന്നും
എഐടിയുസി മാര്‍ച്ചില്‍ നിന്നും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ഗതാഗത മന്ത്രി ആന്റണി രാജുവും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള പോര് അവസാനിക്കുന്നില്ല. ഗതാഗത മന്ത്രിയുടെ ഓഫീസിലേക്ക് എഐടിയുസി മാര്‍ച്ച് നടത്തി. ശമ്പളം മനപ്പൂര്‍വ്വം നിഷേധിച്ചും തൊഴിലാളികളെ അപമാനിച്ചും തൊഴില്‍ സമരങ്ങളെ പരിഹസിച്ചും രസിക്കുന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിലപാട് അപമാനകരമാണെന്നും തൊഴിലാളികളെ കൊണ്ട് അനിശ്ചിതകാല പണിമുടക്കിന് വിളിച്ചു വരുത്തരുതെന്നും എഐടിയുസി ജനറല്‍ സെക്രട്ടറി കെ പി.രാജേന്ദ്രന്‍ പറഞ്ഞു. 

ശമ്പള നിഷേധത്തിനെതിരെ എഐടിയുസി നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ മാര്‍ച്ചിന്റെയും ധര്‍ണ്ണയുടെയും ഭാഗമായായാണ് ഗതാഗത മന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. 

പണിയെടുത്ത തൊഴിലാളി കൂലിക്ക് വേണ്ടി സമരം ചെയ്യേണ്ടിവരുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന് മാനക്കേടാണ്‌. പണിയെടുപ്പിച്ച മാനേജ്‌മെന്റ് ശമ്പളം വിതരണം ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ ഇടപെട്ട് പരിഹരിക്കലാണ് വകുപ്പ്  മന്ത്രി ചെയ്യേണ്ടത്. ഇവിടെ പരിഹാരമല്ല, പരിഹാസമാണ് കാണാനാകുന്നത്. അത് അങ്ങനെ വച്ചു പൊറുപ്പിച്ച് പോകാമെന്ന് ആരും കരുതരുത്. ശക്തമായ പ്രതിഷേധം വരും ദിവസങ്ങളില്‍ കേരളത്തിലുണ്ടാകുമെന്നും കെ പി രാജേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.

തൊഴിലാളി സംഘടനകള്‍ക്ക് എതിരെ ആന്റണി രാജു ഇന്നും രംഗത്തുവന്നിരുന്നു. കിട്ടുന്ന വരുമാനം മുഴുവന്‍ ശമ്പളത്തിനായി ചെലവഴിച്ചാല്‍ വണ്ടിയെങ്ങനെ ഓടിക്കുമെന്ന് അദ്ദേഹം ചോദിച്ചു. 

ഒരു സര്‍ക്കാരിനും കെഎസ്ആര്‍ടിസിയുടെ ശമ്പളം മുഴുവനായും കൊടുക്കാന്‍ സാധിക്കില്ല. പെന്‍ഷന്‍ കൊടുക്കുന്നത് സര്‍ക്കാരാണ്, മുപ്പത് കോടിയോളം താല്‍ക്കാലിക ആശ്വാസവും നല്‍കി. അതല്ലാതെ അതിനപ്പുറം സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും ആന്റണി രാജു പറഞ്ഞു.

ജീവനക്കാരുടേയോ മാനേജ്മെന്റിന്റെയോ പിടിപ്പുകേട് കൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. അനിയന്ത്രിതമായ ഡീസല്‍ വിലവര്‍ധനവാണ് കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ ഇടയാക്കിയത്. വരവും ചെലവുമെല്ലാം നോക്കി കൈകാര്യംചെയ്യുക മാനേജ്മെന്റിന്റെ പണിയാണ്. അത് മന്ത്രിയുടെ പണിയല്ലെന്നും ആന്റണി രാജു ചൂണ്ടിക്കാട്ടി.

ജനങ്ങളെ ബുദ്ധിമുട്ടിച്ച് സമരം ചെയ്യുന്നതിനെതിരേയാണ് താന്‍ പറഞ്ഞത്. യൂണിയനുകള്‍ക്ക് അവരുടേതായ താല്‍പര്യം ഉണ്ടായിരിക്കും. അതേപോലെ സര്‍ക്കാരിന് ജനങ്ങളുടെ താല്‍പര്യവും സംരക്ഷിക്കേണ്ടിവരും. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ അതിനെ കണ്ണുംകെട്ടി നോക്കിനില്‍ക്കാന്‍ കഴിയില്ലെന്നും ആന്റണി രാജു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com