'ബിജെപി ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തു; ചര്‍ച്ച നടത്താന്‍ മോദി ക്ഷണിച്ചു': വെളിപ്പെടുത്തലുമായി പി ജെ കുര്യന്‍

2017ലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിക്കാന്‍ ബിജെപി പദ്ധതിയിട്ടിരുന്നു
പി ജെ കുര്യന്‍ / ഫയല്‍ ചിത്രം
പി ജെ കുര്യന്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം: ബിജെപി തനിക്ക് ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭ ഉപാധ്യക്ഷനുമായ പി ജെ കുര്യന്റെ വെളിപ്പെടുത്തല്‍. 2017ലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിക്കാന്‍ ബിജെപി പദ്ധതിയിട്ടിരുന്നു. പാര്‍ലമെന്ററി കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി ഇക്കാര്യം ചര്‍ച്ച ചെയ്യാനായി രണ്ടുതവണ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമായിരുന്നു കൂടിക്കാഴ്ച. അന്തിമ തീരുമാനം എടുക്കുന്നതിനായി മോദിയുമായി ചര്‍ച്ച ചെയ്യാന്‍ ക്ഷണിച്ചെന്നും പി ജെ കുര്യന്‍ പറഞ്ഞു. അടുത്ത മാസം പുറത്തിറങ്ങാനിരിക്കുന്ന സത്യത്തിലേക്കുള്ള യാത്രകള്‍ എന്ന തന്റെ പുസ്തകത്തിലാണ് കുര്യന്റെ വെളിപ്പെടുത്തലുള്ളത്. 

എന്നാല്‍ ഈ ചര്‍ച്ചയുടെ പുരോഗതി എന്തായിരുന്നു എന്ന് വെളിപ്പെടുത്താന്‍ കുര്യന്‍ തയ്യാറായില്ല. ഈ വിഷയം മറ്റുള്ളവര്‍ ചര്‍ച്ച ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ആവശ്യമെങ്കില്‍ ഭാവിയില്‍ വെളിപ്പെടുത്തുമെന്ന് പുസ്തകത്തെ കുറിച്ച് പ്രസാദകന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിയോടും എ കെ ആന്റണിയോടും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും കുര്യന്‍ വ്യക്തമാക്കി. 

കഴിഞ്ഞ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പി ജെ കുര്യനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. എം വെങ്കയ്യ നായിഡു ഗോപാല്‍കൃഷ്ണ ഗാന്ധിയെ 272 വോട്ടിന് തോല്‍പ്പിക്കുകയായിരുന്നു. 

തന്നെ വൈസ് പ്രസിഡന്റ് ആക്കുന്നത് സൂചിപ്പിച്ചുകൊണ്ട് തിരുവല്ലയില്‍ വെങ്കയ്യ നായിഡു പ്രസംഗിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയെ വേദിയിലിരുത്തി ആയിരുന്നു നായിഡുവിന്റെ പ്രസംഗം. ഇത് തനിക്കെതിരെ ചരടുവലിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കൂടുതല്‍ ശക്തി നല്‍കിയെന്നും കുര്യന്‍ പറയുന്നു. 
കോണ്‍ഗ്രസിന്റെ രാജ്യസഭ സീറ്റ് തനിക്ക് നല്‍കാതിരിക്കാനാണ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതെന്നും തങ്ങള്‍ സീറ്റ് ആവശ്യപ്പെട്ടിരുന്നില്ലെന്ന് ജോസ് കെ മാണി തന്നോട് പറഞ്ഞതായും കുര്യന്‍ ആരോപിക്കുന്നു. 

തനിക്ക് സീറ്റ് നിഷേധിക്കാന്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം രമേശ് ചെന്നിത്തലയും കൂടെനിന്നു. വര്‍ഷങ്ങളായി എ ഗ്രൂപ്പിന്റെ ഡല്‍ഹിയിലെ പ്രധാന നേതാവിയിരുന്നു താന്‍. എന്നാല്‍ ഈ തീരുമാനത്തെക്കുറിച്ച് ഉമ്മന്‍ചാണ്ടി തന്നോട് ഒന്നും പറഞ്ഞില്ല. ഇത് തനിക്ക് വലിയ വിഷമമുണ്ടാക്കിയെന്നും കുര്യന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com