'ലഹരിക്കടത്തുമായി ബന്ധമില്ല, വിജിന്‍ വര്‍ഗീസ് നിരപരാധി, കടത്തിയത് ഗുജറാത്തുകാരന്‍ അമൃത് പട്ടേല്‍': മന്‍സൂര്‍

ലഹരിമരുന്ന് കടത്തുമായി ബന്ധമില്ലെന്ന് ദക്ഷിണാഫ്രിക്ക ആസ്ഥാനമായ മോര്‍ ഫ്രെഷ് എക്‌സ്‌പോര്‍ട്‌സ് ഉടമ തച്ചപറമ്പന്‍ മന്‍സൂര്‍
പിടികൂടിയ മയക്കുമരുന്ന്/ ടിവി ദൃശ്യം
പിടികൂടിയ മയക്കുമരുന്ന്/ ടിവി ദൃശ്യം


മലപ്പുറം: ലഹരിമരുന്ന് കടത്തുമായി ബന്ധമില്ലെന്ന് ദക്ഷിണാഫ്രിക്ക ആസ്ഥാനമായ മോര്‍ ഫ്രെഷ് എക്‌സ്‌പോര്‍ട്‌സ് ഉടമ തച്ചപറമ്പന്‍ മന്‍സൂര്‍. ലഹരിക്കടത്ത് കേസില്‍ ഡിആര്‍ഐ അന്വേഷിക്കുന്ന മന്‍സൂര്‍, ചാനലുകള്‍ക്ക് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്. അമൃത് പട്ടേല്‍ എന്നയാള്‍ തന്റെ കണ്ടെയ്‌നറില്‍ അയച്ച പാഴ്‌സലിലായിരുന്നു ലഹരി വസ്തുക്കളെന്ന് മന്‍സൂര്‍ വിശദീകരിച്ചു. ദക്ഷിണാഫ്രിക്കന്‍ പൊലീസിനോട് അമൃത് കുറ്റം സമ്മതിച്ചിട്ടുണ്ട്. പിടിയിലായ വിജിന്‍ വര്‍ഗീസിന് ലഹരിക്കടത്തുമായി ബന്ധമില്ലന്നും മന്‍സൂര്‍ പറഞ്ഞു.

''ഞങ്ങള്‍ അമൃത് പട്ടേല്‍ എന്നയാളെയാണ് ഈ കണ്ടെയ്‌നറിന്റെ കാര്യങ്ങള്‍ ഏല്‍പ്പിച്ചിരുന്നത്. മൂന്നു കണ്ടെയ്‌നറുകളാണ് ചെയ്യേണ്ടിയിരുന്നത്. ഞാന്‍ ഇന്ത്യയിലുള്ള സമയത്താണ് അമൃത് പട്ടേലിന് ഓര്‍ഡര്‍ നല്‍കുന്നത്. ഈ വര്‍ഷം ജൂലൈ 14നാണ് ഞാന്‍ ഇന്ത്യയിലെത്തിയത്. സെപ്റ്റംബര്‍ 20ന് തിരിച്ചെത്തി. ഈ കണ്ടെയ്‌നറുകള്‍ ലോഡ് ചെയ്യുമ്പോള്‍ ഞാന്‍ നാട്ടിലായിരുന്നു. കണ്ടെയ്‌നര്‍ എത്തുന്ന സമയത്ത് ഞാന്‍ ദക്ഷിണാഫ്രിക്കയില്‍ തിരിച്ചെത്തി''  മന്‍സൂര്‍ വിശദീകരിച്ചു.

'ഈ ലഹരിക്കടത്തുമായി എനിക്ക് യാതൊരു ബന്ധവുമില്ല. കണ്ടെയ്‌നര്‍ ലോഡ് ചെയ്യുന്ന സമയത്ത് അമൃത് അയാള്‍ക്ക് ആവശ്യമുള്ള നാലു പല്ലറ്റ് കൂടി കയറ്റട്ടെയെന്ന് പല തവണ ചോദിച്ചിരുന്നു. ആദ്യമൊക്കെ ഞാന്‍ നിരസിച്ചതാണ്. ഇന്ത്യയില്‍ ബിസിനസ് ആരംഭിക്കുന്നതിനാണെന്നും ഫുള്‍ കണ്ടെയ്‌നര്‍ കൊണ്ടുപോകാനുള്ള സാഹചര്യമില്ലെന്നും പറഞ്ഞപ്പോഴാണ് ഞാന്‍ സമ്മതിച്ചത്. ഇവിടെ എന്നെ സഹായിക്കുന്നയാളല്ലേ എന്ന പരിഗണനയിലാണ് അതു ചെയ്തത്.''  മന്‍സൂര്‍ പറഞ്ഞു.

'പക്ഷേ, ആ നാലു പല്ലറ്റ് അവന്‍ അതിനൊപ്പം കയറ്റിയിട്ടുണ്ട് എന്നതിന്റെ തെളിവ് എന്റെ കയ്യിലുണ്ട്. അവന്റെ നാലു പല്ലറ്റിന്റെ പൈസ കുറച്ചിട്ടാണ് ഞാന്‍ എന്റെ കണ്ടെയ്‌നറുകളുടെ പണം അമൃതിന് അയച്ചുകൊടുത്തത്. ആ ഇന്‍വോയ്‌സില്‍ത്തന്നെ അതു ശരിക്ക് കാണിക്കുന്നുണ്ട്. ഞാന്‍ ഇവിടെനിന്ന് സ്ഥിരമായി കണ്ടെയ്‌നര്‍ അയയ്ക്കുന്ന ആളാണ്. എനിക്ക് ഇത്തരമൊരു കാര്യം ചെയ്യാനാകില്ലല്ലോ. കയറ്റി അയയ്ക്കുന്ന ആളുടെ പേരും ഇറക്കുമതി ചെയ്യുന്ന ആളുടെ പേരും വിശദാംശങ്ങളുമെല്ലാം രേഖകളിലുണ്ടാകും. അവിടെ തട്ടിപ്പ് നടത്താന്‍ പറ്റില്ലല്ലോ'  മന്‍സൂര്‍ പറഞ്ഞു.

സംഭവത്തില്‍ അറസ്റ്റിലായ വിജിന്‍ വര്‍ഗീസ് തന്റെ അടുത്ത സുഹൃത്താണെന്നും ലഹരിക്കടത്തുമായി ബന്ധമില്ലെന്നും മന്‍സൂര്‍ വിശദീകരിച്ചു. വിജിന് ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്താലും തന്റെ പേരു മാത്രമേ പറയാന്‍ അറിയൂ എന്നും, ഇതുമായി ബന്ധപ്പെട്ട് നടന്ന മറ്റു സംഭവവികാസങ്ങള്‍ അറിയില്ലെന്നും മന്‍സൂര്‍ വ്യക്തമാക്കി. അമൃത് പട്ടേല്‍ ദക്ഷിണാഫ്രിക്കന്‍ പൊലീസിനോടു കുറ്റം സമ്മതിച്ചിട്ടുണ്ട്. മന്‍സൂറിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് അമൃത് മൊഴി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

പഴങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്റെ മറവില്‍ 1,476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ കാലടി ആസ്ഥാനമായ യമ്മിറ്റോ ഇന്റര്‍നാഷനല്‍ ഫുഡ്‌സ് മാനേജിങ് ഡയറക്ടര്‍ വിജിന്‍ വര്‍ഗീസിനെ അറസ്റ്റു ചെയ്തിരുന്നു. വിജിന്റെ പങ്കാളി കൂടിയാണ് മന്‍സൂര്‍. സെപ്റ്റംബര്‍ 30നാണ് മുംബൈ വാശിയില്‍ ഇറക്കുമതി ചെയ്ത ഓറഞ്ച് കൊണ്ടുപോവുകയായിരുന്ന ട്രക്കില്‍ ഒളിപ്പിച്ച് കടത്തിയ 1476 കോടി രൂപയുടെ ലഹരിമരുന്ന് ഡിആര്‍െഎ പിടികൂടിയത്. 198 കിലോ മെത്തും 9 കിലോ കൊക്കൈയിനുമാണ് പിടിച്ചെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com