'ഇങ്ങനെ പോയാൽ പോരാളി ഷാജിക്കും അവാർഡു കിട്ടുന്ന കാലം വിദൂരമല്ല'- എസ് ഹരീഷിന് വയലാർ അവാർഡ് നൽകിയതിനെതിരെ കെ സുരേന്ദ്രൻ

സാറാജോസഫും ജെയിംസും രാമൻകുട്ടിയുമടങ്ങുന്ന അവാർഡ് നിർണ്ണയസമിതി ഇതിനുമുമ്പുള്ള വയലാർ അവാർഡുകളും അവാർഡിനാധാരമായ കൃതികളും ഒരുവട്ടം ഓർക്കുന്നത് നല്ലതാണ്
ഫയൽ ചിത്രം
ഫയൽ ചിത്രം

കോഴിക്കോട്: എസ് ഹരീഷിന് വയലാർ അവാർഡ് നൽകിയതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സു​രേന്ദ്രൻ. മീശ എന്ന നോവലിനാണ് ഇത്തവണ വയലാർ അവാർഡ്.

അവാർഡുകൾ ചിലരെ പരിഹസിക്കാനും ആക്ഷേപിക്കാനും നൽകുന്നതാണ് പുതിയ രീതിയെന്ന് സുരേന്ദ്രൻ വിമര്‍ശിച്ചു. മീശ ഏത് മൂശയിലാണ് വാർത്തതെന്ന് മലയാളിക്ക് മനസിലാകുമെന്ന് പറഞ്ഞ സുരേന്ദ്രന്‍, ഇങ്ങനെ പോയാൽ പോരാളി ഷാജിക്കും അവാർഡ് കിട്ടുന്ന കാലം വിദൂരമല്ലെന്നും പരിഹാസിച്ചു. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് സുരേന്ദ്രന്റെ വിമർശനം.

കുറിപ്പിന്റെ പൂർണ രൂപം

അവാർഡുകൾ ഇഷ്ടക്കാർക്കു നൽകുന്നത് കേരളത്തിൽ പുതിയ കാര്യമല്ല. അവാർഡുകൾ ചിലരെ പരിഹസിക്കാനും ആക്ഷേപിക്കാനുമായി നൽകുന്നതാണ് കേരളത്തിന്റെ പുതിയ രീതി. മീശ മഹത്തായ സൃഷ്ടിയാണെന്നും കേരളത്തിൽ  അത് വലിയ ചലനങ്ങളുണ്ടാക്കിയെന്നുമാണ് ജൂറിയുടെ കണ്ടുപിടുത്തം. 

സാറാജോസഫും ജെയിംസും രാമൻകുട്ടിയുമടങ്ങുന്ന അവാർഡ് നിർണ്ണയസമിതി ഇതിനുമുമ്പുള്ള വയലാർ അവാർഡുകളും അവാർഡിനാധാരമായ കൃതികളും ഒരുവട്ടം ഓർക്കുന്നത് നല്ലതാണ്. ലളിതാംബിക അന്തർജ്ജനം മുതൽ ബന്യാമിൻ വരെയുള്ള അവാർഡു ജേതാക്കൾക്കളുടെ നീളുന്ന പട്ടികയും കൃതികളും. തകഴിക്കും വൈലോപ്പിള്ളിക്കും ഒ. എൻ വിക്കും സുഗതകുമാരിക്കും എം. ടി. ക്കും അഴീക്കോടിനും കെ. സുരേന്ദ്രനും മാധവിക്കുട്ടിക്കും ടി. പത്മനാഭനും വിഷ്ണുനാരായണൻ നമ്പൂതിരിക്കും ലീലാവതിക്കുമടക്കം അവരവരുടെ ഉദാത്തമായ സൃഷ്ടികളെ അധികരിച്ചാണ് അവാർഡുകൾ നൽകിയത്. 

ഹരീഷിനാവട്ടെ അദ്ദേഹത്തിന്റെ നിലപാടിനു ലഭിച്ച അവാർഡ് എന്നേ കരുതാനാവൂ . മീശ ഏത് മൂശയിലാണ് വാർത്തതെന്ന് മനസ്സിലാക്കാനുള്ള വിവേകമൊക്കെ മലയാളിക്കുണ്ടെന്നേ പറയാനുള്ളൂ. ഇങ്ങനെ പോയാൽ പോരാളി ഷാജിക്കും  അവാർഡുകിട്ടുന്ന കാലം വിദൂരമല്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com