'ശ്രീദേവി' എന്ന വ്യാജ പ്രൊഫൈല്‍, സിദ്ധനായും ഷാഫി; ശാപത്തെത്തുടര്‍ന്ന് ആദ്യ ബലി ഫലിച്ചില്ലെന്ന് ദമ്പതികളെ വിശ്വസിപ്പിച്ചു

പത്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കേരളത്തെ നടുക്കിയ നരബലിയുടെ ചുരുളഴിയുന്നത്
കൊല്ലപ്പെട്ട റോസ്‌ലിയും പത്മയും/ ടിവി ദൃശ്യം
കൊല്ലപ്പെട്ട റോസ്‌ലിയും പത്മയും/ ടിവി ദൃശ്യം

കൊച്ചി: ആറന്മുളയിലെ നരബലിയുടെ ആസൂത്രകന്‍ പെരുമ്പാവൂര്‍ സ്വദേശി ഷിഹാബ് എന്ന മുഹമ്മദ് ഷാഫിയാണെന്ന് പൊലീസ്. 'ശ്രീദേവി' എന്ന വ്യാജ പ്രൊഫൈലിലൂടെയാണ് ഷാഫി തിരുമ്മു ചികിത്സകനായ ഭഗവല്‍ സിങ്ങുമായി പരിചയപ്പെടുന്നത്. റഷീദ് എന്ന സിദ്ധനെ കണ്ടാല്‍ വീട്ടില്‍ ഐശ്വര്യം ഉണ്ടാകാന്‍ വഴിയുണ്ടാകുമെന്ന് ഷാഫി ഭഗവല്‍ സിങ്ങിനെ പറഞ്ഞു ധരിപ്പിച്ചു. 

തുടര്‍ന്ന് റാഷിദ് എന്ന സിദ്ധന്റെ നമ്പര്‍ നല്‍കി. സിദ്ധന്റേതെന്ന പേരില്‍ തന്റെ തന്നെ നമ്പറാണ് ഷാഫി നല്‍കിയിരുന്നത്. തുടര്‍ന്ന് റാഷിദ് എന്ന സിദ്ധനായി ഭഗവല്‍ സിങ്, ലൈല ദമ്പതികള്‍ക്ക് മുന്നില്‍ എത്തിയതും ഷാഫി തന്നെയാണ്. തുടര്‍ന്ന് ഐശ്വര്യവും സമൃദ്ധിയും ലഭിക്കുന്നതിന് നരബലി നടത്തണമെന്ന് ആവശ്യപ്പെട്ടു. 

നരബലിക്കായി സ്ത്രീകളെ എത്തിച്ചതും ഷാഫി തന്നെയാണ്. ജോലിക്കൊന്നും പോകാതെ അലഞ്ഞുതിരിഞ്ഞ് നടക്കുക ശീലമാക്കിയ ഷാഫി, ഇതിനിടെയാണ് ഇരകളായ സ്ത്രീകളെ കണ്ടെത്തിയത്. കാലടിയില്‍ ലോട്ടറി വില്‍പ്പനക്കാരിയായ തൃശൂർ വാഴാനി സ്വദേശിനിയായ റോസ്‌ലി (49)യെയാണ് ആദ്യം ഇരയാക്കിയത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞാണ് റോസ്‌ലിയെ, ഷാഫി പത്തനംതിട്ട ഇലന്തൂരിലെ ദമ്പതികളുടെ വീട്ടിലെത്തിക്കുന്നത്. 

ജൂണ്‍ മാസത്തിലാണ് റോസ്‌ലിയെ നരബലിക്ക് വിധേയയാക്കുന്നത്. എന്നാല്‍ ശാപം കാരണം നരബലി ഫലിച്ചില്ലെന്ന് ഷാഫി ദമ്പതികളെ വിശ്വസിപ്പിച്ചു. തുടര്‍ന്നാണ് വീണ്ടും ബലിക്കായി കൊച്ചി പൊന്നുരുന്നിയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനിയായ പത്മ(52)യെ തിരുവല്ലയിലെത്തിക്കുന്നത്. തെറ്റിദ്ധരിപ്പിച്ചാണ് പത്മയെയും ഷാഫി ഇലന്തൂരിലെത്തിച്ചത്. തുടര്‍ന്ന് ഇവരെയും കൊലപ്പെടുത്തി ശരീരം കഷണങ്ങളായി മുറിച്ച് കുഴിച്ചിടുകയായിരുന്നു. 

പത്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കേരളത്തെ നടുക്കിയ നരബലിയുടെ ചുരുളഴിയുന്നത്. കേസുമായി ബന്ധപ്പെട്ട് ഷിഹാബ് എന്ന മുഹമ്മദ് ഷാഫി, തിരുവല്ല സ്വദേശികളായ ദമ്പതികളായ ഭഗവല്‍ സിങ്, ലൈല എന്നിവര്‍  പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കൂടുതല്‍ പേര്‍ ഇവരുടെ ഇരകളായിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് ദക്ഷിണമേഖല ഐജി പി പ്രകാശ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com