പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറത്ത് കോളജിലെ ഡിജെ പാർട്ടിക്കിടെ വിദ്യാർത്ഥിനികൾ കൂട്ടത്തോടെ കുഴഞ്ഞു വീണു, 10 പേർ ആശുപത്രിയിൽ

ആട്ടവും പാട്ടും നടക്കുന്നതിനിടെയാണ് വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണത്

മലപ്പുറം; കോളജിലെ ഡിജെ പാർട്ടിക്കിടെ വിദ്യാർത്ഥിനികൾ കുഴഞ്ഞുവീണു. മഞ്ചേരി കോ-ഓപ്പറേറ്റീവ് കോളജിലെ ഫ്രഷേഴ്സ് ഡേയോടു അനുബന്ധിച്ചു നടത്തിയ ഡിജെ പാർട്ടിക്കിടെയാണ് സംഭവമുണ്ടായത്. കുഴഞ്ഞു വീണതിനെ തുടർന്ന് 10 വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ ആരോഗ്യ പ്രശ്നങ്ങളുണ്ടായത് പരിഭ്രാന്തി സൃഷ്ടിച്ചു. 

ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് കോളജിൽ ഡിജെ പാർട്ടി നടത്തിയത്. സംഘം ചേർന്നുള്ള ആട്ടവും പാട്ടും നടക്കുന്നതിനിടെയാണ് വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണത്. ആദ്യം ഒരു വിദ്യാർത്ഥിനി കുഴഞ്ഞു വീണതിനെ തുടർന്ന് ഈ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രണ്ടാമത്തെ കുട്ടിയും കുഴഞ്ഞുവീണു. അധികം വൈകാതെ കൂടുതൽ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ട് കുഴഞ്ഞു വീണു. ഒൻപത് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചശേഷം കൂടെ വന്ന ഒരു പെൺകുട്ടി കൂടി ആശുപത്രിയിൽ വച്ചു കുഴഞ്ഞു വീഴുകയായിരുന്നു. 

എല്ലാവരുടെയും രക്ത പരിശോധന നടത്തി. ആരുടെയും നില ഗുരുതരമല്ലെന്ന് കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. കോളജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളെ വരവേൽക്കുന്നതിനാണ് ഫ്രഷേഴ്‌സ് ഡേ നടത്തിയത്. ഉച്ചയ്ക്ക് ശേഷമായിരുന്നു ഡി ജെ പാർട്ടി നടത്തിയത്. ടാർപോളിൻ ഉപയോഗിച്ച് പ്രത്യേക സൗകര്യം ഒരുക്കിയാണ് ഡി ജെ പാർട്ടിക്ക് സ്ഥലം സൗകര്യപ്പെടുത്തിയത്. ഇവിടെ വച്ചായിരുന്നു വിദ്യാർത്ഥികളുടെ പാട്ടും ഡാൻസും. ശബ്‍ദ ക്രമീകരണത്തിനു വേണ്ടിയാണ് ടാർപോളിൻ ഉപയോഗിച്ച് മറച്ചതെന്ന് അധ്യാപകർ പറയുന്നു. ഇതിനകത്ത് ചൂട് കൂടിയതും ഏറെസമയം നൃത്തം ചെയ്തതുമാണ് ദേഹാസ്വാസ്ഥ്യത്തിന് ഇടയാക്കിയതെന്നാണ് അധ്യാപകര്‍ പറയുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com