അരിവില കുതിച്ചുയരുന്നു; വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍; ആന്ധ്രയില്‍ നിന്ന് നേരിട്ട് എത്തിക്കും

ഒരു മാസത്തിനിടെ അരിക്ക് കിലോഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്.
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

തിരുവന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് നേരിട്ട് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ നീക്കം.  ഇതുസംബന്ധിച്ച് തിങ്കളാഴ്ച ആന്ധ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. അരിവില പിടിച്ചുനിര്‍ത്തുക ലക്ഷ്യമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.

ഒരു മാസത്തിനിടെ അരിക്ക് കിലോഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് കൂടുതലായി ഉപയോഗിക്കുന്ന മട്ട, ജയ അരിക്ക് 10 മുതല്‍ 15 രൂപ വരെയാണു വില വര്‍ധിച്ചത്. ബ്രാന്‍ഡഡ് മട്ട അരിക്ക് 60-63 രൂപയാണു കിലോഗ്രാമിനു വില. ഒരു മാസം മുന്‍പു 40 രൂപയുണ്ടായിരുന്ന ജയ അരിക്ക് 55 രൂപയെത്തി. അടുത്ത ജനുവരി വരെ ഈ നില തുടരാന്‍ സാധ്യതയുണ്ടെന്നാണു വിപണിയില്‍നിന്നുള്ള സൂചന. നെല്ല് ഉല്‍പാദന സംസ്ഥാനങ്ങളായ ആന്ധ്രയിലും കര്‍ണാടകയിലും ഉല്‍പാദനം കുറഞ്ഞതും പായ്ക്കറ്റ് അരിക്ക് 5% ജിഎസ്ടി ഏര്‍പ്പെടുത്തിയതുമാണു വില പെട്ടെന്ന് ഉയരാന്‍ കാരണമെന്നു കച്ചവടക്കാര്‍ പറയുന്നു. 

കര്‍ണാടകയില്‍ സീസണ്‍ ആയെങ്കിലും ആവശ്യത്തിനു നെല്ലു കിട്ടാനില്ലെന്നു മില്‍ ഉടമകള്‍ പറഞ്ഞു. ആന്ധ്രയില്‍ വിളവെടുപ്പു തുടങ്ങുമ്പോഴേ അരി വില കുറയാന്‍ സാധ്യതയുളളൂ. കേരളത്തില്‍ വന്‍കിട മില്ലുകളിലെ നെല്ലു സ്‌റ്റോക്കില്‍ കാര്യമായ കുറവുണ്ട്. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന നെല്ല് സര്‍ക്കാര്‍ തന്നെ സംഭരിച്ച് മില്ലുകളില്‍ കുത്തി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുകയായതിനാല്‍ പൊതുവിപണിയെ സ്വാധീനിക്കുന്നില്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com