വെടിവെച്ചിട്ട കാട്ടുപന്നിയുടെ ജഡം മോഷണം പോയി, പിന്നിൽ കാറിലെത്തിയ സംഘം; അന്വേഷണം

പുരയിടത്തിൽ കയറി നാശനഷ്ടമുണ്ടാക്കിയ കാട്ടുപന്നിയെ വെടിവച്ചിട്ട് മറവു ചെയ്യാനുള്ള തയാറെടുപ്പുകൾക്കിടെയാണ് ജഡം മോഷണം പോകുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വെടിവെച്ചിട്ട കാട്ടുപന്നിയുടെ ജഡം കാണാതായ സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം തുടങ്ങി. പുരയിടത്തിൽ കയറി നാശനഷ്ടമുണ്ടാക്കിയ കാട്ടുപന്നിയെ വെടിവച്ചിട്ട് മറവു ചെയ്യാനുള്ള തയാറെടുപ്പുകൾക്കിടെയാണ് ജഡം മോഷണം പോകുന്നത്.  പരുത്തിപള്ളി വനം വകുപ്പാണ് അന്വേഷണം ആരംഭിച്ചത്. 

വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടാകുന്നത്. ആര്യനാട് പഞ്ചായത്തിലെ ഇറവൂര്‍ ഭാഗത്ത് മനോജിന്റെ പുരയിടത്തിലാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വിമുക്തഭടനും പഞ്ചായത്ത് നിയോഗിച്ച ഷൂട്ടറുമായ രാജന്‍ സ്ഥലത്തെത്തി. പന്നിയെ വെടിവെച്ചിടുകയും ചെയ്തു. ശേഷം ഇതിനെ മറവ് ചെയ്യാനുള്ള സാമഗ്രികള്‍ സ്ഥലത്ത് ഇല്ലാത്തതു കാരണം ഇവയെടുക്കാന്‍ രാജന്‍ വീട്ടില്‍ പോയി വരുന്നതിനിടെയാണ് ജഡം കാണാതായത്.

മനോജ് ആണ് വെടികൊണ്ടുകിടന്ന പന്നിയെ കാണാനില്ല എന്ന് രാജനെ അറിയിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കാറില്‍ എത്തിയ സംഘം പന്നിയെ കടത്തിക്കൊണ്ടുപോയതായാണ് സൂചന. രാജന്‍ പഞ്ചായത്ത് പ്രസിഡന്റ് വിജുമോഹനെയും തുടര്‍ന്ന് വനം വകുപ്പിനെയും പൊലീസിനെയും വിവരം അറിയിച്ചു. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും എത്തി നടപടികള്‍ സ്വീകരിച്ചു. രാജനില്‍നിന്നു മൊഴി എടുത്തിട്ടുണ്ട്.പരുത്തിപ്പള്ളി വനം വകുപ്പ് റേഞ്ച് ഓഫീസര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com