നേരത്തെ നടത്തിയ വിദേശയാത്രകളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് എവിടെ?; മുഖ്യമന്ത്രിയുടെ വാദം പൊള്ള; വിമര്‍ശിച്ച് വി ഡി സതീശന്‍

ഹിന്ദുജ ​ഗ്രൂപ്പുമായി ചർച്ച നടത്താൻ ലണ്ടനിൽ പോകുന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: വിദേശയാത്ര സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിദേയാത്രയ്ക്ക് പ്രതിപക്ഷം എതിരല്ല. എന്നാല്‍ എന്ത് നേട്ടമാണ് ജനങ്ങള്‍ക്ക് ഉണ്ടായതെന്ന് പറയണം. സര്‍ക്കാര്‍ ചെലവില്‍ വിദേശയാത്ര നടത്തുമ്പോള്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ഉണ്ടാക്കണം. നേരത്തെ നടത്തിയ വിദേശയാത്രകള്‍ കൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 

2022 ഫെബ്രുവരിയില്‍ ഗ്രാഫിന്‍ ഇന്നവേഷന്‍ സെന്റര്‍ തുടങ്ങാന്‍ കേരളം തീരുമാനിച്ചു എന്ന്  മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റ് കുറിപ്പിട്ടിരുന്നു. ഗ്രാഫീനിലൂടെ ഗ്രാഫ് ഉയരുമെന്നായിരുന്നു വാദം. ഇന്ത്യ ഇന്നവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രഫീന്‍ പദ്ധതി കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക്‌സ് ടെക്‌നോളജിയും ചേര്‍ന്ന് നിര്‍മ്മിക്കുമെന്നാണ് പറഞ്ഞിരുന്നത്. 

ഇതുസംബന്ധിച്ച് ഒരുനടപടിയും ഉണ്ടായിട്ടില്ല. അല്ലെങ്കില്‍ ഇതുവരെ എന്താണ് ആയതെന്ന് സര്‍ക്കാര്‍ വിശദീകരിക്കാന്‍ തയ്യാറായിട്ടില്ല. ആരോഗ്യരംഗത്ത് യുകെയിലേക്ക് തൊഴില്‍ കുടിയേറ്റം സംബന്ധിച്ച്, ബ്രിട്ടനും കേരള സര്‍ക്കാരും തമ്മില്‍ ധാരമാപത്രം ഒപ്പിട്ടെന്നാണ് ആദ്യം മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇപ്പോള്‍ അതുമാറ്റി, യുകെയിലെ ഹംബര്‍ ആന്റ് നോര്‍ത്ത് യോര്‍ക് ഷെയര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ പാര്‍ട്ണര്‍ഷിപ്പും നോര്‍ക്ക റൂട്ട്‌സും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. 

ഹംബര്‍ ആന്റ് നോര്‍ത്ത് യോര്‍ക് ഷെയര്‍ ഈ ജൂലൈ ഒന്നിന് യുകെയില്‍ നിലവില്‍ വന്ന സ്റ്റാറ്റിയൂട്ടറി സംവിധാനം മാത്രമാണ്. ഇതുവഴി യുകെയിലേക്ക് ജോലിക്ക് അയക്കാന്‍ ഒരു തരത്തിലും സാധ്യമാകില്ല. ലണ്ടനില്‍ വെച്ച് ഹിന്ദുജ ഗ്രൂപ്പുമായി സംസാരിച്ചു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഹിന്ദുജ ഗ്രൂപ്പ് ഇന്ത്യന്‍ കമ്പനിയാണ്. ബോംബെയാണ് അവരുടെ ആസ്ഥാനം. അവരുമായി ലണ്ടനില്‍ പോയി ചര്‍ച്ച ചെയ്യേണ്ട ഒരു കാര്യവുമില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ഇതിനു മുമ്പും മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തിയിട്ടുണ്ട്. 2019 ല്‍ ജപ്പാന്‍, കൊറിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷം 300 കോടിയുടെ വ്യവസായം കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നീറ്റ ജലാറ്റിന്‍ കമ്പനി കേരളത്തില്‍ 200 കോടിയുടെ നിക്ഷേപം നടത്തും. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ തോഷിബ കമ്പനിയുമായി ലിഥിയം ടൈറ്റാനിയം ഓക്‌സൈഡ് ബാറ്ററി നിര്‍മ്മിക്കാനുള്ള വിവരസാങ്കേതിക വിദ്യ കൈമാറാനുള്ള കരാര്‍ ഒപ്പിട്ടെന്നും, ടൊയോട്ടയുമായി ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ഫാക്ടറി തുടങ്ങുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com