ശുചിമുറിയിലെ ലായനി കുടിച്ചു, ഗ്രീഷ്മ തന്നെ പൊലീസിനോട് പറഞ്ഞു, ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു; അറസ്റ്റ് ഇന്നുതന്നെയെന്ന് എസ്പി

വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്നും എസ് പി പറഞ്ഞു
എസ് പി ശില്‍പ്പ, ഗ്രീഷ്മ/ ടിവി ദൃശ്യം
എസ് പി ശില്‍പ്പ, ഗ്രീഷ്മ/ ടിവി ദൃശ്യം

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ വെച്ച് അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് റൂറല്‍ എസ് പി ഡി ശില്‍പ്പ. ഗ്രീഷ്മയുടെ ആരോഗ്യനില നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രീഷ്മ അണുനാശിനി കുടിക്കാനിടയായ സംഭവത്തില്‍ സ്‌റ്റേഷനില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാര്‍ക്ക് വീഴ്ച പറ്റി. വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്നും എസ് പി പറഞ്ഞു.

പൊലീസ് സ്റ്റേഷനിലെ ബാത്‌റൂം അടക്കം പരിശോധിച്ച് ഉറപ്പു വരുത്തിയശേഷമാണ് ഗ്രീഷ്മയെ നെടുമങ്ങാട് സ്റ്റേഷനിലെത്തിച്ചത്. എന്നാല്‍ സ്റ്റേഷനിലുണ്ടായിരുന്ന വനിതാ പൊലീസുകാര്‍ അവളെ ചെക്ക് ചെയ്ത് ഉറപ്പു വരുത്തിയ ബാത്‌റൂമിന് പകരം വേറൊരു ബാത് റൂമിലേക്കാണ് കൊണ്ടുപോയത്. അവിടെ ഉണ്ടായിരുന്ന ലായനി ഗ്രീഷ്മ കുടിക്കുകയായിരുന്നുവെന്നും എസ്പി പറഞ്ഞു. 

പ്രതി തന്നെയാണ് കുടിച്ച കാര്യം പറഞ്ഞത്. അപ്പോള്‍ തന്നെ അറിഞ്ഞതുകൊണ്ട് ആശുപത്രിയില്‍ എത്തിക്കാനായി. ഉടന്‍ തന്നെ വയറു കഴുകി. ഇപ്പോള്‍ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. അണുബാധ ഒന്നും ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. മജിസ്‌ട്രേറ്റിനെ ആശുപത്രിയില്‍ കൊണ്ടു വന്ന് ഇവിടെ വെച്ചു തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും റൂറല്‍ എസ് പി പറഞ്ഞു. 

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവിലാണ് ഗ്രീഷ്മ ഇപ്പോഴുള്ളത്. കേസില്‍ മറ്റുള്ളവരുടെ പങ്ക് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. വീട്ടുകാരുടെ അടക്കം മൊഴികള്‍ എടുത്തുകൊണ്ടിരിക്കുകയാണ്. അവരുടെ മൊഴികള്‍ പരിശോധിക്കേണ്ടതുണ്ട്. വീട്ടുകാര്‍ക്കെതിരെ തെളിവുകള്‍ എന്തെങ്കിലും ലഭിച്ചിട്ടുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ ഇക്കാര്യങ്ങളൊന്നും പറയാനാവില്ലെന്ന് എസ് പി വ്യക്തമാക്കി.

അവര്‍ക്കും പങ്കുണ്ടെന്ന് വ്യക്തമായാല്‍ അറസ്റ്റ് ചെയ്യും. അക്കാര്യം ഇപ്പോള്‍ പറയാനാവില്ല. കേസുമായി ബന്ധപ്പെട്ട് പലകാര്യങ്ങളും മനസ്സിലായിട്ടുണ്ട്. ഗ്രീഷ്മ സ്മാര്‍ട്ടായ പെണ്‍കുട്ടിയാണ്. റാങ്ക് ഹോള്‍ഡറാണ്. ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാകില്ലെന്നും റൂറല്‍ എസ്പി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com