മദ്യപിച്ച് സ്ഥിരം ബഹളം; വിദ്യാര്‍ത്ഥിനിയുടെ അച്ഛനെ വീട്ടില്‍ കയറി വെട്ടി പ്ലസ്ടു സഹപാഠികള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2022 08:16 PM |
Last Updated: 07th April 2022 08:16 PM | A+A A- |

പ്രതീകാത്മക ചിത്രം
കണ്ണൂര്‍: സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കിയ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ അച്ഛനെ സഹപാഠികള്‍ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ ചക്കരക്കല്ലിന് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം. കൈകള്‍ക്കും കാലിനും വെട്ടേറ്റ കുട്ടിയുടെ അച്ഛനെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികളെ ചക്കരക്കല്ല് പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ അച്ഛന്‍ സ്ഥിരമായി വീട്ടില്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടിയുടെ അച്ഛനെ താക്കീത് ചെയ്തു. ഇനി മദ്യപിച്ചെത്തി വഴക്കുണ്ടാക്കരുതെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ വിദ്യാര്‍ത്ഥികളുടെ താക്കീതിന് പിന്നാലെ പെണ്‍കുട്ടിയുടെ അച്ഛന്‍ വീണ്ടും മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് തുടര്‍ന്നു. ഇതോടെയാണ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ഇയാളെ വെട്ടി പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീടിന് സമീപം പതിയിരുന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആക്രമണം.
അതേസമയം, സഹപാഠികളായ വിദ്യാര്‍ഥികളുമായുള്ള സൗഹൃദത്തെച്ചൊല്ലി വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായും വിവരങ്ങളുണ്ട്. ഈ വിദ്യാര്‍ത്ഥികളുമായുള്ള സൗഹൃദത്തെ അച്ഛന്‍ എതിര്‍ത്തിരുന്നതായും വിവരമുണ്ട്.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ