ഒറ്റപ്പെടുത്തലുകളില്ലാത്ത ലോകത്തേക്ക് ബെന്‍സണ്‍ യാത്രയായി; എച്ച്‌ഐവി ബാധിതരായ കുടുംബത്തിലെ അവസാന കണ്ണിയും ഓര്‍മ്മയായി, പ്രണയ നൈരാശ്യത്തില്‍ ആത്മഹത്യ
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th April 2022 09:39 PM |
Last Updated: 17th April 2022 09:40 PM | A+A A- |

ബെന്‍സണും ബെന്‍സിയും സുഷമ സ്വരാജിനൊപ്പം, ബെന്‍സണ്‍
കൊല്ലം: കൊല്ലം ജില്ലയില്‍ ആദ്യമായി എച്ച്‌ഐവി വൈറസ് സ്ഥിരീകരിച്ച കുടുംബത്തിലെ അവസാന അംഗമായ ബെന്‍സണ്‍ (26) ആത്മഹത്യ ചെയ്തു. കൊട്ടാരക്കരയിലെ ബന്ധുവിട്ടിലാണ് ബെന്‍സണെ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 20 വര്‍ഷം മുമ്പ് കേരളം ഏറെ ചര്‍ച്ച ചെയ്ത കൊല്ലം ആദിച്ചനല്ലൂരിലെ എയ്ഡ്‌സ് ബാധിത സഹോദരങ്ങളില്‍ അവസാന കണ്ണിയാണ് ബെന്‍സണ്‍.
സഹോദരി ബെന്‍സി പത്തു വര്‍ഷം മുമ്പ് രോഗം മൂര്‍ച്ഛിച്ച് മരണപ്പെട്ടതോടെ ബെന്‍സണ്‍ തനിച്ചായിരുന്നു. ബെന്‍സണ്‍ ഒരാഴ്ചയായി മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് മരിച്ചതെന്നാണ് സൂചന.
എയ്ഡ്‌സ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ചതോടെയാണ് അന്ന് കുരുന്നുകളായിരുന്ന ബെന്‍സണും ബെന്‍സിയും സാമൂഹ്യ വിവേചനത്തിന് ഇരകളായത്. എയ്ഡ്‌സ് ബാധിതരായ ഇവര്‍ പഠിക്കുന്ന ക്ലാസിലേക്ക് മക്കളെ അയക്കില്ലെന്ന നിലപാടിലായിരുന്നു മറ്റ് കുട്ടികളുടെ മാതാപിതാക്കള്‍. തുടര്‍ന്ന് 2003 സെപ്റ്റംബറില്‍ കേന്ദ്രമന്ത്രിയായിരുന്ന സുഷമാ സ്വരാജ് ഇരുവരെയും ചേര്‍ത്ത്‌നിര്‍ത്തി പിന്തുണ പ്രഖ്യാപിച്ചു. കടുത്ത വിവേചനം അനുഭവിച്ച കുട്ടികളെ സുഷമ ചേര്‍ത്തു നിര്‍ത്തി ചുംബിച്ചത് ഇവരുടെ ജീവിതത്തിന് പുതുവെളിച്ചം നല്‍കി.
കുട്ടിക്കാലം മുതല്‍ ഒറ്റപ്പെടുത്തലുകള്‍
ഇവരുടെ പിതാവ് സികെ ചാണ്ടി 1997ലും മാതാവ് പ്രിന്‍സി 2000ലും മരിച്ചിരുന്നു. മുത്തച്ഛന്‍ ഗീവര്‍ഗീസ് ജോണിയുടെയും മുത്തശ്ശി സാലിക്കുട്ടിയുടെ സംരക്ഷണത്തിലായിരുന്നു പിന്നീട് ബെന്‍സണും ബെന്‍സിയും. 2000ല്‍ ഗീവര്‍ഗീസ് മരിച്ചു.12 വര്‍ഷം മുമ്പ് ബെന്‍സിയും അടുത്തിടെ അമ്മൂമ്മയും മരിച്ചതോടെ ഒറ്റയ്ക്കായ ബെന്‍സന്‍ ഒരു വര്‍ഷമായി മറ്റൊരു ബന്ധുവിനൊപ്പമായിരുന്നു താമസം.
എച്ച്ഐവി ബാധിതരാണെന്ന് അറിയുമ്പോള്‍ ബെന്‍സി നഴ്സറി സ്‌കൂളിലായിരുന്നു. തുടര്‍ന്ന് ഇരുവരെയും കൈതക്കുഴി ഗവണ്‍മെന്റ് എല്‍പിഎസില്‍ ചേര്‍ത്തു. ഇവിടെ പഠനം നടത്തുമ്പോഴാണ് എച്ച്ഐവി ബാധിതരായ കുട്ടികളെ പഠിപ്പിക്കാന്‍ പാടില്ലെന്ന ആവശ്യവുമായി സ്‌കൂള്‍ പിടിഐ രംഗത്തെത്തിയത്. തുടര്‍ന്ന് ഇവരെ സമീപത്തെ ലൈബ്രറിയില്‍ ഇരുത്തി പ്രത്യേക അധ്യാപകരെ നിയമിച്ചു പഠിപ്പിക്കേണ്ടി വന്നു. പിന്നീട് സന്നദ്ധ സംഘടനകളും ഗവണ്‍മെന്റും ആരോഗ്യ വകുപ്പും ഇടപെട്ടു നടത്തിയ ബോധവല്‍കരണത്തെ തുടര്‍ന്നു കൈതക്കുഴി എല്‍പി സ്‌കൂള്‍ ഹെഡ് മാസ്റ്ററുടെ മുറിയില്‍ ഇരുത്തി പഠിപ്പിച്ചു. ഇക്കാര്യം രാജ്യന്തര മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായിരുന്നു.
സാന്ത്വനമായി സുഷമയുടെ ചുംബനം
കേന്ദ്രമന്ത്രിയായിരുന്ന സുഷമ സ്വരാജിനെ 2003 സെപ്റ്റംബര്‍ 28നു തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ചു കണ്ടതാണ് വഴിത്തിരിവായത്. ഇരുവരെയും കണ്ടപാടേ സുഷമ മടിയിലിരുത്തി. ഇരുവരെയും കെട്ടിപ്പിടിച്ച് നെറുകയില്‍ ചുംബിച്ച സുഷമ, അഞ്ചു വര്‍ഷത്തെ ഭാരിച്ച ചികിത്സാ ചെലവിനുള്ള സംവിധാനവും ശരിയാക്കി നല്‍കിയിരുന്നു.
സംസ്ഥാന ഭരണകൂടവും പല ഘട്ടങ്ങളിലായി കുട്ടികള്‍ക്ക് സഹായങ്ങളെത്തിച്ചു. സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ ശ്രമഫലമായി രണ്ടാംഘട്ട എആര്‍ടിക്കുള്ള മരുന്നുകള്‍ സൗജന്യമായി നല്‍കി. എന്നിരുന്നാലും, പലപ്പോഴും ചികില്‍സയ്ക്കും മരുന്നിനും പണമില്ലാതെ മുത്തശ്ശി സാലമ്മ വിഷമിച്ചിരുന്നു.
2010 മേയിലാണ് ബെന്‍സി മരിക്കുന്നത്. വയറുവേദനയെ തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറിലുണ്ടായ അണുബാധയായിരുന്നു മരണകാരണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഇടിമിന്നലില്‍ വീടു തകര്‍ന്നു, മരം വീണ് സ്ത്രീ മരിച്ചു; ഇടുക്കിയില്‍ കനത്ത മഴ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ