സ്‌കേറ്റ് ബോര്‍ഡില്‍ കശ്മീരിലേക്ക്; ലക്ഷ്യത്തിലെത്താന്‍ മൂന്ന് ദിവസം മാത്രം ബാക്കി; ട്രക്കിടിച്ച് അനസ് ഹജാസ് മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 02nd August 2022 05:27 PM |
Last Updated: 02nd August 2022 05:28 PM | A+A A- |

അനസ് ഹജാസ്
ചണ്ഡിഗഡ്: സ്‌കേറ്റ് ബോര്‍ഡില്‍ കന്യാകുമാരിയില്‍ നിന്ന് കശ്മീരിലേക്ക് പുറപ്പെട്ട അനസ് ഹജാസ് ഹരിയാനയിലുണ്ടായ അപകടത്തില്‍ മരിച്ചു. യാത്രക്കിടെ ട്രക്കിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരം വെഞ്ഞാറമൂട് അഞ്ചാംകല്ല് പുല്ലമ്പാറ സ്വദേശിയായ അനസ് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദത്തിന് ശേഷം ടെക്‌നോ പാര്‍ക്കിലും ബിഹാറിലെ സ്വകാര്യ സ്‌കൂളിലും ജോലിചെയ്തിരുന്നു.
2022 മേയ് 29നാണ് 31 കാരനായ അനസ് ഹജാസ് കന്യാകുമാരിയില്‍നിന്ന് ഒറ്റക്കുള്ള യാത്ര തുടങ്ങിയത്. സ്‌കേറ്റ് ബോര്‍ഡില്‍ മധുര, ബംഗളൂരു, ഹൈദരാബാദ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എല്ലാം പിന്നിട്ടാണ് ഹരിയാനയിലെത്തിയത്.
സ്‌കേറ്റിങ്ങിനെകുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് അനസ് യാത്ര തുടങ്ങിയത്. കന്യാകുമാരിയില്‍നിന്ന് കശ്മീരിലേക്ക് ഏകദേശം 3800 കിലോമീറ്റര്‍ ദൂരമുണ്ട്. ഈ ദൂരമത്രയും സ്‌കേറ്റിങ് ബോര്‍ഡില്‍ ഒറ്റക്ക് താണ്ടാനായാണ് അനസ് പുറപ്പെട്ടത്. ലക്ഷ്യ സ്ഥാനത്തെത്താന്‍ മൂന്ന് ദിവസത്തെ യാത്രമാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അതിനിടെയാണ് അപകടം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ