എംഎല്‍എയായി 18,728 ദിവസം, കൂടുതല്‍ കാലം നിയമസഭാംഗം; റെക്കോര്‍ഡ് ഇനി ഉമ്മന്‍ ചാണ്ടിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2022 09:33 AM  |  

Last Updated: 03rd August 2022 09:33 AM  |   A+A-   |  

Oommen Chandy wins case against VS

ഉമ്മന്‍ചാണ്ടി, ഫയല്‍ ചിത്രം


തിരുവനന്തപുരം: ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാംഗമായതിന്റെ റെക്കോഡ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സ്വന്തം. മുൻ മന്ത്രിയും കേരള കോൺ​ഗ്രസ് എം നേതാവുമായിരുന്ന കെ എം മാണിയെയാണ് ഉമ്മൻ ചാണ്ടി  മറികടന്നത്.

2022 ഓ​ഗസ്റ്റ് രണ്ടിലേക്ക് എത്തിയപ്പോൾ 18,728 ദിവസം ഉമ്മൻ ചാണ്ടി നിയമസഭാ അംഗമെന്ന നിലയിൽ പൂർത്തീകരിച്ചു. 1970ലെ നിയമസഭ രൂപവത്കരിച്ച തിയതി അടിസ്ഥാനമാക്കിയുള്ള കണക്കനുസരിച്ചാണ് ഇത്. സത്യപ്രതിജ്ഞ നടന്ന തീയതി അടിസ്ഥാനമാക്കിയാൽ ഈ മാസം 11നാണ് റെക്കോഡ് മറികടക്കുക.

പുതുപ്പള്ളിയിൽ നിന്ന് തുടർച്ചയായി 12 തവണ

നാലാം കേരള നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഉമ്മൻ ചാണ്ടി 2021 മേയ് മൂന്നിന് രൂപവത്കൃതമായ 15ാം നിയമസഭയിലും പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധാനം ചെയ്താണ് സഭയിലേക്ക് എത്തിയത്. 1970 സെപ്റ്റംബർ 17നാണ് നാലാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. തൊട്ടടുത്ത ദിവസം വോട്ടെണ്ണലും നടന്നു.

അതുവരെ പുതുപ്പള്ളി മണ്ഡലം ഇടതുപക്ഷത്തിനൊപ്പമായിരുന്നു. എന്നാൽ പിന്നീട് ഇന്നുവരെ ഉമ്മൻ ചാണ്ടിയെയാണ് പുതുപ്പള്ളി വിജയിപ്പിച്ചത്. നാലാം കേരള നിയമസഭ രൂപവത്കരിച്ചത് 1970 ഒക്ടോബർ നാലിനാണ്. തുടർച്ചയായി 12 തവണയാണ് പുതുപ്പള്ളിയിൽ നിന്ന് മാത്രം വിജയിച്ച് ഉമ്മൻ ചാണ്ടി കേരള നിയമസഭയിലേക്ക് എത്തിയത്. രണ്ടുതവണ മുഖ്യമന്ത്രിയായ അദ്ദേഹം നാലു വട്ടം മന്ത്രിയും ഒരുതവണ പ്രതിപക്ഷ നേതാവുമായി. 1965 മുതൽ 2016 വരെ തുടർച്ചയായി 13 തവണ പാലാ നിയോജകമണ്ഡലത്തിൽനിന്ന് വിജയിച്ച കെ എം മാണി 12 നിയമസഭകളിൽ അംഗമായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; സർവകലാശാല പരീക്ഷകൾ മാറ്റി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ