ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗം: പ്രതികളെ വിട്ടയച്ചത് മാനുഷിക പരിഗണന വച്ച്; സ്വീകരണം നല്‍കിയതില്‍ ബിജെപിക്ക് പങ്കില്ലെന്ന് വി മുരളീധരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th August 2022 11:43 AM  |  

Last Updated: 18th August 2022 11:43 AM  |   A+A-   |  

muraleedharan

വി മുരളീധരന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ഫെയ്‌സ്ബുക്ക്‌

 

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വിട്ടയച്ചത് മാനുഷിക പരിഗണന വച്ചാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇതാദ്യമായിട്ടല്ല കേസില്‍ ശിക്ഷിക്കപ്പെട്ട് 15 കൊല്ലവും 20 കൊല്ലവുമൊക്കെ ജയിലില്‍ കിടന്നവരെ മോചിപ്പിക്കുന്നത്. പ്രതികള്‍ക്ക് സ്വീകരണം നല്‍കിയതില്‍ ബിജെപിക്ക് പങ്കില്ലെന്നും കേന്ദ്രമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. 

നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിലെ ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം തമാശയാണ്. മോദി സര്‍ക്കാര്‍ രാജ്യത്ത് സഹകരണ ഫെഡറലിസത്തിന് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ്. പക്ഷെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും കേന്ദ്രസര്‍ക്കാര്‍ എതിരാണെന്നും വി മുരളീധരന്‍ പറഞ്ഞു. 

അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരായ നരേന്ദ്രമോദി സര്‍ക്കാരിന്റെ നയം സ്വാഭാവികമായും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഗവര്‍ണര്‍മാര്‍ അടക്കം പ്രവര്‍ത്തിക്കും. ബന്ധുനിയമനത്തിന് തടയിട്ട ഗവര്‍ണറുടെ നടപടി ജനാധിപത്യത്തിന്റെ അന്തസുയര്‍ത്തി. സിപിഎം നേതാക്കന്മാരെ കുത്തിത്തിരുകാനുള്ള സ്ഥാപനങ്ങളല്ല സര്‍വകലാശാലകളെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണെന്ന് മുരളീധരന്‍ പറഞ്ഞു.

സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യ ഉത്തരവിലെ കോടതിയുടെ വിവാദപരാമര്‍ശങ്ങള്‍ നിലവാരം കുറഞ്ഞതാണെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. വസ്ത്രധാരണം വ്യക്തി സ്വാതന്ത്ര്യമാണ്. ഒരു ന്യായാധിപന്മാരുടെ ഭാഗത്തുനിന്നും ഇത്തരമൊരു പരാമര്‍ശം ഉണ്ടാകരുതായിരുന്നു. വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'ഇത്രയും കാലത്തിനിടെ ​ഗവർണർ ഒരു നല്ല കാര്യം ചെയ്തു'; സ്വാ​ഗതം ചെയ്ത് വി ഡി സതീശൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ