'കരുണാകര ​ഗുരു പകർന്നത് മതത്തിന് അതീതമായ ആത്മീയതയെക്കുറിച്ചുള്ള അവബോധം'- ​ഗവർണർ

കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി
ശാന്തിഗിരി ആശ്രമത്തിലെ 96മത് നവപൂജിതം ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുന്നു
ശാന്തിഗിരി ആശ്രമത്തിലെ 96മത് നവപൂജിതം ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുന്നു

തിരുവനന്തപുരം: ലോകത്തിന് ഒരുമയുടെ സന്ദേശം പകര്‍ന്ന മഹാഗുരുവാണ് കരുണാകര ഗുരുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ശാന്തിഗിരി ആശ്രമത്തിൽ തൊണ്ണൂറ്റിയാറാമത് നവപൂജിതം ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷയ്ക്കും ജാതിക്കും മതത്തിനും വര്‍ണ്ണവര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്കും അതീതമാണ് ഭാരതത്തിന്‍റെ സംസ്കാരം. അത് ഗുരുക്കന്മാരുടെ പാരമ്പര്യത്തില്‍ അധിഷ്ഠിതമാണ്.  

മനുഷ്യന്‍ അന്ധകാരത്തിലാഴുമ്പോള്‍ മാനവരാശിക്ക് വെളിച്ചം പകരാന്‍ ഗുരുക്കന്മാര്‍ ജന്മമെടുക്കും. മനുഷ്യന്റെ ജീവിത സാഹചര്യങ്ങളോടൊപ്പം സമൂഹത്തിന്റെ ആത്മീയവും സാംസ്കാരികവുമായ ഘടകങ്ങളുടെ ഉന്നമനം കൂടി ലക്ഷ്യമിട്ടായിരുന്നു കരുണാകര ഗുരുവിന്റെ പ്രവർത്തനം. വ്യത്യസ്ത വിശ്വാസങ്ങളിലുള്ളവരെ ഒന്നിപ്പിക്കുന്നതിന് മതത്തിന് അതീതമായ ആത്മീയതയെക്കുറിച്ചുള്ള ഒരു പുതിയ അവബോധം ഗുരു പകർന്ന് നൽകിയെന്നും ഗവർണർ അഭിപ്രായപെട്ടു.  

ആശ്രമം പ്രസിഡന്‍റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ച ചടങ്ങിൽ  ശ്രീലങ്കൻ ആരോഗ്യമന്ത്രി ഡോ. കെഹേലിയ റംബുക്ക് വെല മുഖ്യാതിഥിയായി. മനസിന്‍റെ അച്ചടക്കമാണ് ആത്മീയതയ്ക്ക് അടിസ്ഥാനമെന്നും ശാന്തിഗിരിയില്‍ നിന്ന് ലഭിക്കുന്നത് അത്തരമൊരു ആത്മീയഭാവമാണെന്നും അദ്ദേഹം പറഞ്ഞു. 

കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. സംഘര്‍ഷമല്ല സമന്വയമാണ് അനിവാര്യമെന്ന് മാനവരാശിയുടെ സമാധാനത്തിനും സഹവര്‍ത്തിത്വത്തിനുമാണ് കരുണാകര ഗുരു നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എഎന്‍ രാധാകൃഷ്ണന്‍, മാണിക്കൽ ‌‌ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കുതിരകുളം ജയൻ, റിട്ട. ഡിസ്ട്രിക്സ് സെഷന്‍സ് ജഡ്ജ് മുരളി ശ്രീധര്‍, ശാന്തിഗിരി സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ ഫെലോ ഡോ. കെ ഗോപിനാഥപിള്ള എന്നിവര്‍  പങ്കെടുത്തു.  

ഏഴ് ദിവസം നീണ്ടു നിൽക്കുന്ന നവപൂജിതം ആഘോഷ പരിപാടികൾക്ക് തുടക്കമായി. 28ന് ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ഗുരുവിന്‍റെ ജന്മനാടായ ചന്ദിരൂരിൽ ജന്മഗൃഹ സമുച്ചയത്തിന്‍റെ ഉദ്ഘാടനം മമ്മൂട്ടി നിർവഹിക്കും. 29ന് തിങ്കളാഴ്ച വൈകീട്ട് ആറ് മണിക്ക്  നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സംസ്ഥാന മന്ത്രിമാർ, എംഎൽഎമാർ പങ്കെടുക്കും. 

30ന് ചൊവ്വാഴ്ച വൈകീട്ട് നാലിന് നടക്കുന്ന പ്രതിനിധി സമ്മേളനം കേന്ദ്ര വനിതാ ശിശുക്ഷേ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. 31 ന് ബുധനാഴ്ച തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ വൈകീട്ട് 5 മണി മുതൽ സൗഹൃദക്കൂട്ടായ്മ നടക്കും.  

നവപൂജിത ദിനമാ‍യ സെപ്റ്റംബര്‍ ഒന്നിന് രാവിലെ 11.30ന് നടക്കുന്ന സമ്മേളനം ഗോവ ഗവർണർ അഡ്വ. പിഎസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ എംഎ യൂസഫലി മുഖ്യാതിഥിയാകും. വൈകീട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സൗഹൃദക്കൂട്ടായ്മകളിലും വിവിധ സമ്മേളനങ്ങളിലും രാഷ്ട്രീയ സാമൂഹിക  കലാസാംസ്കാരിക ആത്മീയ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. സെപ്റ്റംബര്‍ 20ന് നടക്കുന്ന പൂര്‍ണകുംഭ മേളയോടെ ഈ വര്‍ഷത്തെ നവപൂജിതം ആഘോഷ പരിപാടികള്‍ സമാപനമാകും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com