ഭരണഘടനയ്‌ക്കെതിരായ വിവാദ പ്രസംഗം: 'തെളിവില്ല', സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കാന്‍ നീക്കം
By സമകാലിക മലയാളം ഡെസ്ക് | Published: 04th December 2022 05:01 PM |
Last Updated: 04th December 2022 05:07 PM | A+A A- |

സജി ചെറിയാന്‍/ഫയല്‍
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കാന്‍ പൊലീസ് നീക്കം. തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് നീക്കം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി തിരുവല്ല കോടതിയില്‍ നാളെ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കേസ് അവസാനിപ്പിക്കുന്നതിന് മുന്‍പ് പരാതിക്കാരന് നോട്ടീസും നല്‍കും.
മാസങ്ങള്‍ക്ക് മുന്‍പ് മല്ലപ്പള്ളിയില്‍ നടന്ന സിപിഎം സമ്മേളനത്തില്‍ സജി ചെറിയാന്‍ നടത്തിയ വിവാദ പരാമര്‍ശമാണ് കേസിനാസ്പദം. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്നും ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് അതേപടി പകര്‍ത്തുകയായിരുന്നു എന്നുമുള്ള സജി ചെറിയാന്റെ പരാമര്‍ശങ്ങളാണ് വിവാദമായത്. ഇതിനെ തുടര്‍ന്ന് തിരുവല്ല കോടതിയാണ് സജി ചെറിയാനെതിരെ കേസ് എടുക്കാന്‍ നിര്‍ദേശിച്ചത്. അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസ് എടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടത്. വിവാദ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കുകയും ചെയ്തിരുന്നു.
കേസില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കാന്‍ പൊലീസ് നീക്കം ആരംഭിച്ചത്. ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ എ സി ഈപ്പനാണ് പൊലീസിന് നിയമോപദേശം നല്‍കിയത്. ക്രിമിനല്‍ കേസ് നിലനില്‍ക്കില്ല എന്നതാണ് തിരുവല്ല ഡിവൈഎസ്പിക്ക് നല്‍കിയ നിയമോപദേശത്തില്‍ പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ