'എന്തായാലും അമ്മയും കുഞ്ഞും കോട്ടത്തറ ആശുപത്രിയില്‍ സുഖമായുണ്ട്....'
By സമകാലിക മലയാളം ഡെസ്ക് | Published: 12th December 2022 12:09 PM |
Last Updated: 12th December 2022 12:09 PM | A+A A- |

കെ രാധാകൃഷ്ണന്‍ കുറിപ്പിനൊപ്പം പങ്കുവച്ച ചിത്രം
തിരുവനന്തപുരം: അട്ടപ്പാടിയില്‍ ഗര്‍ഭിണിയെ കിലോമീറ്ററുകള്‍ തുണിയില്‍ കെട്ടിച്ചുമന്ന് ആശുപത്രിയില്‍ എത്തിച്ചെന്ന വാര്‍ത്ത വ്യാജമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ഗര്‍ഭിണിയെ തുണിയില്‍ കിടത്തി അല്പദൂരം സഞ്ചരിച്ച് ഭവാനിപ്പുഴയിലെ പാലം കടന്ന് ആംബുലന്‍സില്‍ എത്തിക്കുകയാണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
മന്ത്രിയുടെ കുറിപ്പ്:
സത്യം ചെരുപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റി വരുമെന്ന കാര്യം ഇന്ന് 'അട്ടപ്പാടി' വാര്‍ത്തയിലും കാണാനായി.
കടുക്മണ്ണ ഊരില്‍ നിന്ന് ഗര്‍ഭിണിയെ കിലോമീറ്ററുകള്‍ തുണിയില്‍ കെട്ടിച്ചുമന്ന് ആശുപത്രിയിലെത്തിച്ചെന്ന വാര്‍ത്തയാണ് ഇതിനാധാരം.
ആദിവാസി ജനവിഭാഗങ്ങള്‍ താമസിക്കുന്ന ഊരില്‍ നിന്ന് ഗര്‍ഭിണിയെ തുണിയില്‍ കിടത്തി അല്പദൂരം സഞ്ചരിച്ച് ഭവാനിപ്പുഴയിലെ പാലം കടന്ന് ആംബുലന്‍സില്‍ എത്തിച്ച സംഭവത്തെ ചില വാര്‍ത്താ ചാനലുകള്‍ വസ്തുതകള്‍ക്ക് വിരുദ്ധമായാണ് അവതരിപ്പിച്ചത്.
പുതൂര്‍ ഗ്രാമപഞ്ചയത്ത് ഒന്നാം വാര്‍ഡ് കടുക്മണ്ണ പട്ടികവര്‍ഗ്ഗ സങ്കേതത്തിലെ സുമതി മുരുകനാണ് ഞായറാഴ്ച രാവിലെ കോട്ടത്തറ ആശുപത്രിയില്‍ ആണ്‍ കുഞ്ഞിനെ പ്രസവിച്ചത്. കഴിഞ്ഞ ആഴ്ച കോട്ടത്തറ ആശുപത്രിയിലെത്തി പരിശോധനകള്‍ നടത്തി മരുന്നുകളുമായി ഊരിലേക്ക് മടങ്ങിയതായിരുന്നു യുവതി. അടുത്ത ജനുവരി എട്ടിനാണ് പ്രസവം കണക്കാക്കിയിരുന്നത്.
ശനിയാഴ്ച രാത്രി നേരം വൈകി യുവതിക്ക് പ്രസവവേദന ഉണ്ടായപ്പോള്‍ തന്നെ നഴ്‌സും പട്ടികവര്‍ഗ പ്രമോട്ടറും ഊരിലെത്തിയിരുന്നു. തുടര്‍ന്ന് 108 ആംബുലന്‍സ് വിളിച്ചു വരുത്തിയതും ഇവരാണ്. കാട്ടിനുള്ളില്‍ നിന്നും ഭവാനിപ്പുഴ മറികടന്ന് അല്‍പ്പം ദൂരമകലെ ആംബുലന്‍സ് എത്തിയ സ്ഥലത്ത് യുവതിയെ ബന്ധുക്കളും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് എത്തിച്ചതിനെയാണ് ചില മാധ്യമങ്ങള്‍ മൂന്നര കിലോമീറ്റര്‍ കാട്ടിലൂടെ തുണിയില്‍ കെട്ടി ചുമന്ന് എത്തിച്ചതായൊക്കെ കെട്ടുകഥകളും മുളപ്പാലത്തിന്റെ പടങ്ങളും ചേര്‍ത്ത് അവതരിപ്പിച്ചിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ കടുക്മണ്ണയില്‍ ഇരുമ്പ് തൂക്കുപാലം നിര്‍മിച്ച് ഊരു നിവാസികളുടെ യാത്രാ ക്ലേശം പരിഹരിച്ചതുപോലും ഇവര്‍ മറന്നു പോയി. ആ ഭാഗത്തേക്കുള്ള 5 കോളനികളിലേക്കും തൂക്കുപാലങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.
സാധാരണ ഊരുകളില്‍ നടന്നിരുന്ന പ്രസവങ്ങള്‍ ബോധവത്കരണത്തിലൂടെയും ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെയും ആശുപത്രിയിലെത്തിച്ച് നടത്തുന്നത് തന്നെ അട്ടപ്പാടിയില്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളെ ഗുണഫലങ്ങളാണ്. എന്തായാലും അമ്മയും കുഞ്ഞും കോട്ടത്തറ െ്രെടബല്‍ ആശുപത്രിയില്‍ സുഖമായുണ്ട്....
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ