സ്വന്തമായി ശ്വസിച്ചുതുടങ്ങി; വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി; ഐസിയു നിരീക്ഷണത്തില്‍ തുടരും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2022 10:35 AM  |  

Last Updated: 03rd February 2022 10:35 AM  |   A+A-   |  

vava suresh health improves

ചിത്രം; ഫേയ്സ്ബുക്ക്

 

കോട്ടയം: മൂര്‍ഖന്റെ കടിയേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വാവാ സുരേഷിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും വലിയ പുരോഗതിയുണ്ട്. ഡോക്ടര്‍മാരോടും ആരോഗ്യപ്രവര്‍ത്തകരോടും വാവ സുരേഷ് സംസാരിച്ചു.

സ്വന്തമായി ശ്വാസമെടുക്കാനും തുടങ്ങിയതോടെയാണ് വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചത്. രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷമാണ് വെന്റിലേറ്റര്‍ മാറ്റിയത്. 48 മണിക്കൂര്‍ വരെ ഐസിയു നിരീക്ഷണത്തില്‍ തുടരുമെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. 

വിഷത്തിന്റെ പാർശ്വഫലങ്ങൾ അറിയാൻ ഏഴുദിവസം

തലച്ചോറിന്റെ പ്രവർത്തനം കൂടുതൽ പുരോഗതി കൈവരിക്കുകയും അവയവങ്ങളുടെ പ്രതികരണം സ്ഥായിയായി നിൽക്കുകയും വേണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.  ശരീരത്തിലേറ്റ വിഷത്തിന്റെ പാർശ്വഫലങ്ങൾ അറിയാൻ ഏഴുദിവസമെടുക്കുമെന്ന് ഡോക്ടർമാർ പറയുന്നു. 

മാറി മറിഞ്ഞ് ആരോ​ഗ്യനില

മൂർഖന്റെ കടിയേറ്റ് തിങ്കളാഴ്ചയാണ് സുരേഷിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ആരോഗ്യനില മെച്ചമായെങ്കിലും വൈകിട്ട് പ്രതികരണം തീരെ കുറഞ്ഞ് സുരേഷ് അബോധാവസ്ഥയിലേക്കു പോയി. തലച്ചോറിന്റെ പ്രവർത്തനവും കുറഞ്ഞു. തുടർന്ന് മരുന്നുകളുടെയും ആന്റി സ്നേക്ക് വെനത്തിന്റെയും അളവ് ഉയർത്തി. ഇതോടെ വീണ്ടും പ്രതീക്ഷയായി സുരേഷ് അർധബോധാവസ്ഥയിലേക്കു തിരിച്ചുവന്നു. 

ഇന്നലെ ഉച്ചയോടെ നില അൽപം കൂടി മെച്ചപ്പെട്ട് കണ്ണുകൾ പൂർണമായും തുറന്നു. വെന്റിലേറ്ററിൽ നിന്നു മാറ്റിയാലും ഒരാഴ്ച തീവ്രപരിചരണ വിഭാഗത്തിൽ കിടത്തിച്ചികിത്സ വേണ്ടിവരും. ഹൃദയത്തിന്റെയും വൃക്കകളുടെയും മറ്റ് ആന്തരിക അവയവങ്ങളുടെയും പ്രവർത്തനം സാധാരണനിലയിലാണ്. രക്തസമ്മർദവും സാധാരണ നിലയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു.