തൊഴിലാളികളെ വീണ്ടും കഷ്ടത്തിലാക്കി; രാജ്യത്ത് കോവിഡ് പടര്‍ത്തിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2022 07:43 PM  |  

Last Updated: 07th February 2022 07:43 PM  |   A+A-   |  

pm_modi

പാര്‍ലമെന്റില്‍ സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി

 

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ തുടക്കകാലത്ത് രോഗബാധിതര്‍ കൂടാന്‍ ഉത്തരവാദി കോണ്‍ഗ്രസാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ കോവിഡ് കാലത്തു നേരിട്ട പ്രതിസന്ധിക്കും ഉത്തരവാദി കോണ്‍ഗ്രസ് ആണെന്ന് അദ്ദേഹം ആരോപിച്ചു. 

'കോണ്‍ഗ്രസ് ചെയ്തത് കോവിഡ് പാപമാണ്. രാജ്യം നേരിട്ട പ്രതിസന്ധിക്ക് അവരാണ് കാരണം. കോണ്‍ഗ്രസ് എല്ലാ പരിധികളും കടന്നു. ആദ്യ തരംഗത്തിന്റെ നാളുകളില്‍ മുംബൈയിലെ തൊഴിലാളികള്‍ക്ക് ടിക്കറ്റ് എടുത്തുകൊടുത്തത് കോണ്‍ഗ്രസാണ്. ആ നാളുകളില്‍ എല്ലാവരും അടങ്ങിയൊതുങ്ങിയിരിക്കാനാണ് ലോകാരോഗ്യ സംഘടന അടക്കം ആവശ്യപ്പെട്ടത്. എന്നിട്ടും അവര്‍ ടിക്കറ്റ് നല്‍കി. അത് രാജ്യത്ത് കേസുകള്‍ വര്‍ധിക്കാന്‍ കാരണമായെന്നും മോദി പറഞ്ഞു.

രാജ്യത്തെ തൊഴിലാളികളെ കഷ്ടതകളിലേക്ക് നയിച്ചത് ബിജെപി ഭരിക്കാത്ത സംസ്ഥനങ്ങളാണ്. ന്യൂഡല്‍ഹിയില്‍ തൊഴിലാളികള്‍ക്ക് സഞ്ചരിക്കാന്‍ സര്‍ക്കാര്‍ വക ജീപ്പുകള്‍ എത്തിച്ചുനല്‍കി. ഉത്തര്‍പ്രദേശ് പോലുള്ള സംസഥാനങ്ങളില്‍ അതു വരെയും കോവിഡ് കേസുകള്‍ കുറവായിരുന്നു. അവിടെയും കോവിഡ് കേസുകള്‍ കൂടുന്നതിന് ഇത് കാരണമായി'മോദി കൂട്ടിച്ചേര്‍ത്തു