ബൈക്കിന്റെ ചെയ്‌നിനും സോക്കറ്റിനും ഇടയില്‍ തള്ളവിരല്‍ കുരുങ്ങി, രക്തം വാര്‍ന്ന് യാത്രികന്‍ നടുറോഡില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2022 07:46 AM  |  

Last Updated: 10th February 2022 07:46 AM  |   A+A-   |  

thump_stuck_in_bike

കരുനാഗപ്പള്ളിയില്‍ യാത്രികന്റെ വിരല്‍ ബൈക്കിന്റെ ചെയ്‌നില്‍ കുരുങ്ങിയപ്പോള്‍


കരുനാഗപ്പള്ളി: ബൈക്കിന്റെ ചെയിനിനും സോക്കറ്റിനുമിടയിൽ തള്ളവിരല്‍ കുരുങ്ങിയതോടെ വേദന കടിച്ചമർത്തി ഗൃഹനാഥൻ കഴിഞ്ഞത് അരമണിക്കൂറോളം.  തഴവ കടത്തൂർ തോപ്പിൽ ഹൗസിൽ നസീമിൻറെ (55) വിരലാണ് അപകടത്തിൽ കുടുങ്ങിയത്.

ഇന്നലെ രാവിലെ 10.30 മണിയോടെ മകളെ കരുനാഗപ്പള്ളിയിൽ ട്യൂഷന് കൊണ്ടാക്കിയ ശേഷം തിരികെ വരുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച്‌ അപകടം ഉണ്ടായി. നസീം അപകടത്തിൽപ്പെട്ട മറ്റേ ബൈക്കിലേക്ക് മറിഞ്ഞു വീണു. ഈ ബൈക്കിൽ ചെയിൻ കവർ ഇല്ലായിരുന്നു. കറങ്ങിക്കൊണ്ടിരുന്ന ചെയിനിന്റെയും സോക്കറ്റിന്റെയും ഇടയിൽ നസീമിന്റെ തള്ളവിരൽ അകപ്പെട്ടു. 

വിരൽ ആഴത്തിൽ മുറിഞ്ഞ് രക്തം പൊയ്ക്കൊണ്ടിരുന്നു. വിരൽ എടുക്കാൻ കഴിയാതെ വന്നതോടെ കരുനാഗപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് എത്തി. കട്ടർ ഉപയോഗിച്ച്‌ ചെയിൻ മുറിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന്,​ ഗ്യാസ് കട്ടർ ഉപയോഗിച്ച്‌ ചെയിൻ കട്ട് ചെയ്തു നസീമിന്റെ വിരൽ പുറത്തെടുത്തു. വിരൽ എല്ലുകൾക്കും മാംസത്തിനും ചതവും ആഴത്തിൽ മുറിവും സംഭവിച്ചതിനാൽ പാസ്റ്റിക് സർജറിക്ക് വിധേയനാക്കി.