കൊലപാതക കാരണം രാഷ്ട്രീയ വിരോധം, ആയിരത്തില്‍ ഏറെ ഫോണ്‍വിളി രേഖകള്‍, 10 ജിബി സിസിടിവി ദൃശ്യങ്ങള്‍; സഞ്ജിത്ത് വധക്കേസില്‍ കുറ്റപത്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2022 03:09 PM  |  

Last Updated: 11th February 2022 04:26 PM  |   A+A-   |  

sanjith murder case

സഞ്ജിത്ത് / ഫയല്‍

 

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ അറസ്റ്റിലായ 11 പ്രതികളില്‍ പത്തു പേരെ ഉള്‍പ്പെടുത്തിയാണ് പാലക്കാട് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 

കേസില്‍ 350 സാക്ഷികള്‍ ആണ് ഉള്ളത്. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രതികള്‍ എസ്ഡിപിഐ നേതാക്കളും പ്രവര്‍ത്തകരുമാണ്.ആയിരത്തില്‍ ഏറെ ഫോണ്‍വിളി രേഖകളും 10 ജിബി സിസിടിവി ദൃശ്യങ്ങളും അടങ്ങുന്നതാണ് കുറ്റപത്രം. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത 5 പേരടക്കം 11 പ്രതികള്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. സൂത്രധാരില്‍ പ്രധാനികളും ഇതില്‍ ഉള്‍പ്പെടുന്നു.


ആര്‍എസ്എസ് നേതാവ് എലപ്പുള്ളി എടുപ്പുകുളം ശരത് നിവാസില്‍ സഞ്ജിത്തിനെ ഭാര്യയുടെ കണ്‍മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തി എന്നതാണ് കേസ്. കഴിഞ്ഞ നവംബര്‍ 15നു പകല്‍ ഒന്‍പതിനു കിണാശ്ശേരി മമ്പ്രത്തിനു സമീപം കാറിലെത്തിയ അഞ്ചംഗ അക്രമി സംഘമാണ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.

ഭാര്യയുമായി ബൈക്കില്‍ വരുന്നതിനിടെയായിരുന്നു കൊലപാതകം. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു. കേസില്‍ ഇതുവരെ 20 പ്രതികളാണുള്ളത്. ആര്‍എസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ രാഷ്ട്രീയ വിരോധം വച്ചു കൊലപ്പെടുത്തിയെന്നാണു കണ്ടെത്തല്‍. 

കൊലപാതകത്തിന്റെ സൂത്രധാരില്‍ ഒരാളും പ്രതികള്‍ എത്തിയ വാഹനത്തിന്റെ ഡ്രൈവറുമായ നെന്മാറ അടിപ്പെരണ്ട മന്നംകുളമ്പ് അബ്ദുല്‍ സലാം (30), കൊഴിഞ്ഞാമ്പാറ അത്തിക്കോട് പള്ളിമേട് ജാഫര്‍ സാദിഖ് (31), ഒറ്റപ്പാലം ചുനങ്ങാട് മനക്കല്‍ ഹൗസില്‍ നിഷാദ് (നിസാര്‍ 37), മുതലമട പുളിയന്തോണി നസീര്‍ (35), കൊല്ലങ്കോട് കാമ്പ്രത്തുചള്ള പഴയ റോഡ് ഷാജഹാന്‍ (37),ഒറ്റപ്പാലം അമ്പലപ്പാറ കാഞ്ഞിരംചോല ഷംസീര്‍ (26), മുഖ്യ പ്രതികളിലൊരാളായ കൊഴിഞ്ഞാമ്പാറ അത്തിക്കോട് പള്ളിമേട് ഇന്‍ഷ് മുഹമ്മദ് ഹഖ്, എസ്ഡിപിഐ മലപ്പുറം പുത്തനത്താണി ഏരിയ പ്രസിഡന്റ് പുന്നത്തല പുതുശ്ശേരി ഹൗസില്‍ അബ്ദുല്‍ ഹക്കിം (45), മുഖ്യ ആസൂത്രകന്‍ കൊഴിഞ്ഞാമ്പാറ അത്തിക്കോട് പള്ളി സ്ട്രീറ്റില്‍ മുഹമ്മദ് ഹാറൂണ്‍ (35) ഉള്‍പ്പെടെ 11 പേരാണ് അറസ്റ്റിലായത്. 

പ്രതികള്‍ക്ക് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടന നേതൃത്വത്തിന്റെ സഹായം ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിനു ശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ പൊള്ളാച്ചിക്കു സമീപം കടയില്‍ പൊളിച്ചു വിറ്റതിന്റെ തെളിവുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൃത്യത്തിന് ഉപയോഗിച്ചതെന്നു സംശയിക്കുന്ന ആയുധങ്ങളും ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.