ബസില്‍ കുഴഞ്ഞു വീണു, ദയകാണിക്കാതെ ബസ് ജീവനക്കാര്‍; 23.9 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

മഹാരാജാസ് ഗ്രൗണ്ട് സ്റ്റോപ്പിൽ നിന്ന് പാലാരിവട്ടത്തേക്ക് പോകാൻ ബസിൽ കയറിയ ലക്ഷ്മണൻ കുഴഞ്ഞു വീഴുകയായിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ബത്തേരി: ബസിൽ കുഴഞ്ഞുവീണ യാത്രക്കാരനെ തക്കസമയത്ത് ആശുപത്രിയിലെത്തിക്കാതെ ജീവനക്കാർ ഉദാസീനത കാട്ടുകയും യാത്രക്കാരൻ മരിക്കുകയും ചെയ്ത സംഭവത്തിൽ ആശ്രിതർക്ക് 23.9 ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം നൽകാൻ വിധി. കൽപറ്റ മോട്ടർ ആക്സിഡന്റ് ക്ലെയിംസ് 
 ട്രിബ്യൂണലിന്റേതാണ് വിധി. ബത്തേരി തൊടുവട്ടി ടികെ ലക്ഷ്മണൻ ആണ് മരിച്ചത്.

2018 മാർച്ച് 31നാണ് സംഭവം. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു ലക്ഷ്മണൻ.  മഹാരാജാസ് ഗ്രൗണ്ട് സ്റ്റോപ്പിൽ നിന്ന് പാലാരിവട്ടത്തേക്ക് പോകാൻ ബസിൽ കയറിയ ലക്ഷ്മണൻ കുഴഞ്ഞു വീഴുകയായിരുന്നു. ഷേണായീസ് ജം‌ക്ഷനിൽ എത്തിയപ്പോഴാണ് ബസിൽ കുഴഞ്ഞു വീണത്. 

ഇതോടെ ബസ് നിർത്താൻ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ വിസമ്മതിച്ചതായാണ് പരാതി. 6 ആശുപത്രികൾ ബസ് പോകുന്ന വഴിയിൽ കടന്നു പോയി. എന്നിട്ടും ബസിൽ തർക്കം നടന്നതല്ലാതെ നിർത്തിക്കൊടുത്തില്ല. ഒടുവിൽ അനിൽകുമാർ എന്ന യാത്രക്കാരൻ ബഹളം വച്ചതിനെ തുടർന്ന് ഇടപ്പള്ളി ജംക്‌ഷനിൽ ബസ് നിർത്തി. ലക്ഷ്മണനെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. എന്നാൽ അപ്പോഴേക്കും മരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com