ഉമ്മന്‍ ചാണ്ടിയുടെ മാനനഷ്ടക്കേസ്: വിഎസിന് എതിരായ വിധിക്കു സ്‌റ്റേ
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th February 2022 01:33 PM |
Last Updated: 14th February 2022 01:33 PM | A+A A- |

വി എസ് അച്യുതാനന്ദന്‍, ഫയല്‍ ചിത്രം
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി നല്‍കിയ മാനനഷ്ടക്കേസില്‍, വിഎസ് അച്യുതാനന്ദന് എതിരായ വിധിക്കു സ്റ്റേ. ഉമ്മന്‍ ചാണ്ടിക്കു പത്തു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന സബ് കോടതി ഉത്തരവ് ജില്ലാ കോടതി സ്‌റ്റേ ചെയ്തു. വിഎസ് അച്യുതാനന്ദന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് നടപടി.
2013 ജൂലൈയില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സോളാറില്‍ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ ആരോപണത്തിനെതിരെയാണ് ഉമ്മന്‍ചാണ്ടി കോടതിയെ സമീപിച്ചത്. സോളാര്‍ തട്ടിപ്പ് നടത്താന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനി രൂപീകരിച്ച് അതുവഴി സാമ്പത്തിക തട്ടിപ്പ് നടത്തി എന്നതായിരുന്നു വിഎസിന്റെ പ്രസ്താവന. ഇതിനെതിരെയാണ് ഉമ്മന്‍ചാണ്ടി 2014ല്‍ ഹര്‍ജി നല്‍കിയത്. തന്നെ സമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഉമ്മന്‍ചാണ്ടി കോടതിയെ സമീപിച്ചത്.
കേസിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടി കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കി. വാദത്തിനിടെ വിഎസിന്റെ ആരോപണം തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. ഇത് അംഗീകരിച്ചുകൊണ്ടായിരുന്നു സബ് കോടതിയുടെ വിധി.
ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോടതി ചെലവുകള്‍ കണക്കാക്കിയാണ് പത്തുലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ടത്.