നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ ഗേള്‍ഫ്രണ്ടുമായി 'കുട്ടി ഡ്രൈവറു'ടെ കറക്കം; വീട്ടില്‍ വന്ന് പൊക്കി മോട്ടോര്‍ വാഹന വകുപ്പ്; മൂന്നു കേസ്

വാഹനത്തിന്റെ മറ്റൊരു ഭാഗത്ത് രേഖപ്പെടുത്തിയിരുന്ന രജിസ്ട്രേഷന്‍ നമ്പര്‍ ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ ഗേള്‍ഫ്രണ്ടുമായി കറങ്ങിയ കുട്ടി ഡ്രൈവറെ മോട്ടോര്‍ വാഹന വകുപ്പ് വീട്ടില്‍ വന്ന് പൊക്കി. ആലുവയിലാണ് സംഭവം. കുട്ടമശ്ശേരി സ്വദേശിയായ കുട്ടി ഡ്രൈവറാണ് കുടുങ്ങിയത്. 

വാഹന പരിശോധനയ്ക്കിടെയാണ് കുട്ടി ഡ്രൈവര്‍ നമ്പര്‍പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ പെണ്‍ സുഹൃത്തുമായി കറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വാഹനം പരിശോധിക്കാനായി നിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും വേഗത്തില്‍ ഓടിച്ചു പോയി.

വാഹനത്തിന്റെ മറ്റൊരു ഭാഗത്ത് രേഖപ്പെടുത്തിയിരുന്ന രജിസ്ട്രേഷന്‍ നമ്പര്‍ ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടർന്ന് ഉടമയുമായി ബന്ധപ്പെട്ടു. എന്നാല്‍, വാഹനം വിറ്റതാണെന്ന് ഇയാൾ പറഞ്ഞു. പുതിയ ഉടമയുടെ നമ്പറും നല്‍കി.

നാല് ആളുകളുടെ കൈകളില്‍ വാഹനം കൈമറിഞ്ഞെങ്കിലും ഉടമസ്ഥാവകാശം മാറ്റിയിരുന്നില്ലെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ 2021-ല്‍ ഈ വാഹനത്തിനെതിരേ എടുത്ത ഒരു കേസ് കണ്ടെത്തി. അതില്‍ നിന്ന് അന്നത്തെ ഉടമയെ ബന്ധപ്പെട്ടു. തുടര്‍ന്ന് ഈ വാഹനം വില്‍ക്കുന്നതിന് ഇടനിലക്കാരനായ വ്യക്തി മുഖാന്തരമാണ് പുതിയ ഉടമയെ കണ്ടെത്തിയത്.

ഇപ്പോള്‍ വാഹനം സ്വന്തമാക്കിയിട്ടുള്ള ഉടമയുടെ അനുജന്റെ സുഹൃത്താണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയപ്പോള്‍ വാഹനം ഉപയോഗിച്ചിരുന്നത്. സുഹൃത്തിന്റെ വാഹനത്തിന് സ്പെയര്‍ പാര്‍ട്സ് വാങ്ങാനെന്ന പേരിലാണ് ബൈക്ക് ഓടിക്കാന്‍ വാങ്ങിയത്. അന്വേഷണം നടത്തി കുട്ടമശ്ശേരിയിലെ വീട്ടിലെത്തി കുട്ടി ഡ്രൈവറെ കൈയോടെ പൊക്കി.

കുട്ടി റൈഡര്‍ക്കെതിരെ കേസും എടുത്തു. ലൈസന്‍സില്ലാതെ വാഹനം ഉപയോഗിച്ചതിനും ഉടമസ്ഥാവകാശം മാറ്റാത്തതിനും വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയതിനുമാണ് കേസെടുത്തത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com