പേഴ്‌സനല്‍ സ്റ്റാഫിലേക്കു പാര്‍ട്ടി റിക്രൂട്ട്‌മെന്റ്, സംസ്ഥാനത്തിനു വന്‍ സാമ്പത്തിക ബാധ്യത; വിമര്‍ശിച്ച് ഗവര്‍ണര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2022 12:21 PM  |  

Last Updated: 19th February 2022 12:21 PM  |   A+A-   |  

governor Arif Mohammad Khan

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ഫയല്‍

 

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സല്‍ സ്റ്റാഫിലക്കു പാര്‍ട്ടി റിക്രൂട്ട്‌മെന്റാണ് നടക്കുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പേഴ്‌സനല്‍ സ്റ്റാഫിന്റെ പേരില്‍ പാര്‍ട്ടി കേഡര്‍ വളര്‍ത്തുകയാണ്. ഇതു സംസ്ഥാനത്തിനു വന്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നുണ്ടെന്നു ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

പേഴ്‌സനല്‍ സ്റ്റാഫിന്റെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി സംസ്ഥാനത്തിനു വലിയ ബാധ്യത വരുന്നുണ്ട്. ഇരുപതിലേറെ സ്റ്റാഫാണ് ഓരോ മന്ത്രിക്കും ഉള്ളത്. താന്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ 11 പേരാണ് ഉണ്ടായിരുന്നത്. കേരളത്തില്‍ രണ്ടു വര്‍ഷം കൂടുമ്പോള്‍ സ്റ്റാഫിനെ മാറ്റി നിയമിക്കുകയാണ്. ഈ രീതി മാറ്റണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി ഗവര്‍ണര്‍ പറഞ്ഞു. ഇക്കാര്യം നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായി ഗവര്‍ണര്‍ പറഞ്ഞു.

ജ്യോതിലാലിനെ മാറ്റാന്‍ നിര്‍ദേശിച്ചില്ല

പൊതുഭരണ സെക്രട്ടറി കെആര്‍ ജ്യോതിലാലിനെ മാറ്റണമെന്ന് താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടില്ല. രാജ്ഭവനെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്. സര്‍ക്കാരിന് അതിന് അധികാരമില്ല. തന്നെ നിയമിച്ചത് രാഷ്ട്രപതിയാണെന്നും രാഷ്ട്രപതിയോടു മാത്രമാണ് താന്‍ മറുപടി പറയേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. 

എകെ ബാലന്‍ ബാലിശം, സതീശന്‍ ചെന്നിത്തലയെ കണ്ടു പഠിക്കണം

എകെ ബാലന്‍ ബാലിശമായാണ് പെരുമാറുന്നത്. പേരിലെ ബാലന്‍ വളരാന്‍ തയാവുന്നില്ലെന്ന ഗവര്‍ണര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണം എന്ന് വിഡി സതീശന്‍ പഠിക്കണം. സതീശന്‍ രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും കണ്ടു പഠിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.