നാരായണയ്ക്ക് 20 ലക്ഷത്തിന്റെ കടം; പൂ വാങ്ങിയ പലരും പണം നല്‍കിയില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2022 10:22 AM  |  

Last Updated: 03rd January 2022 10:22 AM  |   A+A-   |  

narayana

നാരായണ, കൊലപാതകം നടന്ന വീട്/ ഫയൽ

 

കൊച്ചി: കൊച്ചി കടവന്ത്രയില്‍ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥന്‍ നാരായണയ്ക്ക് 20 ലക്ഷം രൂപ കടമുണ്ടെന്ന് പൊലീസ്. സാമ്പത്തിക ബാധ്യതയാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നാണ് ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. 

ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്ത ലഭിക്കണമെങ്കില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള നാരായണയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എറണാകുളം സൗത്ത് ഇന്‍സ്‌പെക്ടര്‍ എം എസ് ഫൈസല്‍ പറഞ്ഞു. പൂക്കളുടെ മൊത്തക്കച്ചവടം നടത്തുന്നയാളാണ് നാരായണ. പൂവ് വാങ്ങിയ വകയില്‍ നിരവധി പേര്‍ നാരായണയ്ക്ക് പണം കൊടുക്കാനുണ്ട്. 

മുമ്പ് ലോഡു ണക്കിന് പൂവാണ് നാരായണ കൊച്ചിയില്‍ എത്തിച്ച് വിറ്റിരുന്നത്. പലര്‍ക്കും കടമായാണ് പൂവ് നല്‍കിയത്. എന്നാല്‍ കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നാരായണയുടെ സാമ്പത്തിക ഭദ്രത തകരുകയായിരുന്നു. 

ഇതിനിടെ വീട് നിര്‍മ്മിക്കാന്‍ വായ്പ തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് ഏറ്റുമാനൂര്‍ സ്വദേശി വലിയ തുക നാരായണയില്‍ നിന്നും വാങ്ങിയിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് കൊച്ചി കടവന്ത്രയില്‍ വാടകയ്ക്ക് താമസിക്കുന്ന ജോയമോള്‍ (33) മക്കളായ ലക്ഷ്മീകാന്ത് (8), അശ്വിന്‍(4) എന്നിവരെ നാരായണ ഷൂലേസ് ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തിയത്. 

തുടര്‍ന്ന് കൈയിലേയും കഴുത്തിലേയും ഞരമ്പ് മുറിച്ച നിലയില്‍ നാരായണയെ ബന്ധുക്കള്‍ കണ്ടെത്തുകയായിരുന്നു. 2012 ഫെബ്രുവരിയിലാണ് ജോയമോളെ കര്‍ണാടക സ്വദേശിയായ നാരായണ വിവാഹം കഴിക്കുന്നത്. ജോയമോളുടെ മൃതദേഹം ഒരു ചിതയിലും കുട്ടികളുടെ മൃതദേഹങ്ങള്‍ മറ്റൊരു ചിതയിലുമായി ഒരേസമയം സംസ്‌കരിച്ചു.